അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിച്ചവരുടെ എണ്ണം 75 ലക്ഷം കടന്നു. ഇന്‍ഡസ്ട്രീസ് ആന്‍ഡ് മൈന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ ഗുപ്തയാണ് സന്ദര്‍ശകരുടെ പട്ടിക പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാടാണ് പ്രതിമ ഇവിടെ സ്ഥാപിക്കാന്‍ കാരണമായതെന്നും ഗുപ്ത പറയുന്നു.
2018 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഏകതാപ്രതിമ ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമര്‍പ്പിച്ചത്. വളരെ പെട്ടന്ന് തന്നെ ഗുജറാത്തിലേയും ഇന്ത്യയിലെയും ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി ഇത് മാറുകയായിരുന്നു. നര്‍മദ ജില്ലയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപമാണ് സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്നത്. 182 അടി ഉയരമുണ്ട് പ്രതിമയ്ക്ക്.
വിനോദസഞ്ചാരികള്‍ യാത്രകള്‍ക്ക് പദ്ധതിയിടുമ്പോള്‍ അതിലൊരിടമാകാന് ഏകതാപ്രതിമയ്ക്കാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഗുപ്ത ട്വിറ്ററില്‍ കുറിച്ചു. കൊറോണ മഹാമാരിയ്ക്കിടിയിലും കഴിഞ്ഞ പത്ത് മാസത്തിനിടെ 25 ലക്ഷം സന്ദര്‍ശകരാണ് ഇവിടെ എത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 50 ലക്ഷം പേരാണ് ഇവിടേയ്ക്ക് എത്തിയത്.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഏകതാ പ്രതിമ നര്‍മദാ നദീ തീരത്തെ സാധു ബെട്ട് ദ്വീപില്‍ നിര്‍മ്മിച്ചത്. ഗുജറാത്തിലെ ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 75 ലക്ഷത്തോളം വിനോദസഞ്ചാരികളാണ് ഇതിനോടകം പ്രതിമ സന്ദര്‍ശിച്ചത്. 2018 നവംബര്‍ 1 മുതല്‍ 2019 സെപ്റ്റംബര്‍ 12 വരെയുള്ള കാലയളവിലെ കണക്കനുസരിച്ച് ടിക്കറ്റ് വില്‍പ്പനയില്‍ നേടിയത് 57 കോടി രൂപയാണ്.
ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തു പ്രതിമയയെയും അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയേയുമൊക്കെ ഉയരത്തില്‍ പിന്തള്ളിയാണ് ഏകതാ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന സ്ഥാനം സ്വന്തമാക്കിയത്.
Discussion about this post