മാധ്യമങ്ങള്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന വാദവുമായി നടന് ദിലീപ്. കേസില്‍ പ്രതികള്‍ക്ക് അനുകൂലമാണ് കോടതിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ടെന്ന് ദിലീപ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെ പറഞ്ഞു. ആരോപണങ്ങള്‍ പലതും കെട്ടുകഥകളാണ്. മാധ്യമങ്ങള്‍ തന്നെ നശിപ്പിക്കുകയാണ്. ഒരിക്കല്‍ മണിയുടെ അനിയനെ കൊല്ലാന്‍ ശ്രമിച്ചെന്ന് പറഞ്ഞു. ഇപ്പോള്‍ ആരോ മരിച്ചത് താന്‍ കൊന്നതാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്ന് ദിലീപ് വാദിച്ചു. മാധ്യമ വാര്‍ത്തകളെ ഗൗനിക്കാറില്ലെന്നാണ് കോടതി ദിലീപിന്റെ ഈ വാദത്തോട് പ്രതികരിച്ചത്.
നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പോരാ എന്ന് കണ്ടാണ് പൊലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് പറഞ്ഞു. പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ല. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയര്‍ത്തിയിട്ടുള്ളത്. വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് ദിലീപ് ചോദിച്ചു.
ബാലചന്ദ്രകുമാറിന്റെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആലുവ സ്റ്റേഷന് പരിധിയില്‍ നടന്നെന്ന് പറയുന്ന ഗൂഢാലോചന അന്വേഷിക്കാന്‍ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും ദിലീപ് ചോദിച്ചു.
Discussion about this post