തിരുവല്ലയില്‍ വാടക കുറവെന്നതിന്റെ പേരില്‍ എന്‍എസ്എസിന്റെ ഉടമസ്ഥതയിലുള്ള അംഗന്‍വാടിയില്‍ നിന്ന് കുട്ടികളെ ഇറക്കി വിട്ടു. നിലവില്‍ 100 രൂപ വാടകയ്ക്കാണ് എന്‍എസ്എസ് അംഗന്‍വാടിക്കായി കെട്ടിടം നല്‍കിയിരുന്നത്. വാടക കുറവെന്ന പേരില്‍ ഇപ്പോള്‍ നഗരസഭ അധികൃതരുടെ അനുമതിയോടെയാണ് അംഗന്‍വാടി ഒഴിപ്പിച്ചത്.
കഴിഞ്ഞദിവസം ഉച്ചയോടെ അംഗന്‍വാടിയിലെത്തി കുട്ടികളെ പുറത്താക്കി അംഗന്‍വാടി ഏറ്റെടുക്കുകയായിരുന്നു. 25 ഓളം കുട്ടികളെ ഉച്ചയോടെ പെരുവഴിയിലാക്കിയായിരുന്നു എന്‍എസ്എശ് ഭാരവാഹികളുടെ നടപടി. ഉറങ്ങുകയായിരുന്ന കുട്ടികളെ എഴുന്നേല്പിച്ച് അംഗന്‍വാടിയ്ക്ക് പുറത്താക്കി,കെട്ടിടം ഏറ്റെടുക്കുകയായിരുന്നു. മാതാപിതാക്കള്‍ വിവരം അറിഞ്ഞെത്തുന്നത് വരെ കുട്ടികള്‍ക്ക് പുറത്ത് നില്‍ക്കേണ്ടി വന്നു. ഇതിനിടയില്‍ മഴ പെയ്തതും കുട്ടികളെ വലച്ചു.
പല രക്ഷിതാക്കളും അടുത്തതാമസക്കാരായതിനാല് കുട്ടികളെ അവരുടെ വീടുകളിലേക്ക് കൊണ്ട് പോകാന്‍ കഴിഞ്ഞു. ചില കുട്ടികള്‍ക്ക് വൈകിട്ട് അവരുടെ രക്ഷിതാക്കള്‍ വരുന്നത് വരെ കാത്തിരിക്കേണ്ടിയും വന്നു. തികച്ചും ക്രൂരമായാണ് അംഗന്‍വാടി ഒഴിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്‍എസ്എസ് പോലുള്ള ഒരു സംഘടന കുട്ടികളെ തെരുവിലിറക്കി വിട്ടുവെന്നത് സാമൂഹ്യാധപതനത്തെയാണ് കാണിക്കുന്നതെന്നും ചിലര്‍ പറയുന്നു.
Discussion about this post