ഡല്‍ഹി: രാജ്യത്ത് ആദ്യഡോസ് കോവിഡ് വാക്സിനെടുത്തവരുടെ എണ്ണം നൂറുശതമാനത്തോട് അടുക്കുമ്പോള്‍ രണ്ടാം ഡോസ് വാക്സിനെടുക്കാത്തവര്‍ ആറരക്കോടിയെന്ന് ആരോഗ്യമന്ത്രാലയം. കുത്തിവെപ്പില്‍നിന്ന് മാറിനില്‍ക്കുന്നവരെ കണ്ടെത്തി വാക്സിനേഷന് പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്ദ്ദേശംനല്കി.
കോവിന്‍ പോര്‍ട്ടലില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് കുത്തിവെപ്പെടുക്കാത്ത എല്ലാവരേയും കണ്ടെത്താനാണ് നിര്‍ദ്ദേശം. കുത്തിവെപ്പെടുത്തവരുടെ വിവരങ്ങള്‍ ജില്ലാതലം മുതലുള്ള അധികൃതര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍നിന്ന് നേരിട്ട് ശേഖരിക്കാനാകും. രണ്ടാംഡോസ് കുത്തിവെപ്പെടുക്കേണ്ട കാലാവധി കഴിഞ്ഞശേഷവും വാക്സിനേഷന് വിധേയരാകാത്തവരെ പോര്‍ട്ടല്‍ പരിശോധിച്ച് കണ്ടെത്തണം. ഫോണ്‍ നമ്പര്‍ ശേഖരിക്കണം. അവരുടെ വീടുകളില്‍ ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും നേരിട്ടെത്തി വാക്സിനേഷന്റെ ഗുണഫലങ്ങളെക്കുറിച്ച് ബോധവത്കരിച്ച് കുത്തിവെപ്പ് എടുപ്പിക്കണം. ആവശ്യമെങ്കില്‍ അവര്‍ക്കായി പ്രത്യേക വാക്സിന് യജ്ഞം നടത്തണം. രണ്ടുഡോസും എടുത്താലേ വാക്സിനേഷന് പൂര്‍ത്തിയാവുകയുള്ളൂവെന്നും അവരെ ബോധിപ്പിക്കണം.
കൃത്യമായ ഇടവേളകളില്‍ വാക്സിന് എടുത്തെങ്കില്മാത്രമേ ഫലപ്രാപ്തിയുണ്ടാവുകയുള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ഇന്ത്യയില്‍ വാക്സിനേഷന് അര്‍ഹതയുള്ള 94 കോടി മുതിര്ന്നവരാണുള്ളത്.
Discussion about this post