ഇംഫാല്‍: മണിപ്പൂരില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 38 സീറ്റില്‍ 30ലും ബിജെപി ജയിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. വോട്ട് ചെയ്യാനെത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
60 അംഗ അസംബ്ലിയിലെ 38 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ തന്നെ പോളിംഗ് ആരംഭിച്ചിരുന്നു.
തന്റെ മണ്ഡലത്തിലെ 75 ശമാനം വോട്ടും തനിക്ക് തന്നെ ലഭിക്കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാവിലെ 7.20ന് ഹെയ്ന്ഗാങ്ങിലെ ശ്രീവാന് ഹൈസ്കൂളിലാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്.
” ഇംഫാല്‍ താഴ്വരയിലും കുക്കി ഹൃദയഭൂമിയിലും ബിജെപിക്ക് ശക്തമായ വേരോട്ടം ആണ് ഉള്ളത്. ഇത്തവണയും ഞങ്ങള്‍ ഇവിടെ വിജയിക്കും” അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ അഫ്സ്പ പ്രശ്നമല്ലെന്നും ചില മലയോര അതിര്‍ത്തി പ്രദേശങ്ങള്‍ ഒഴികെ മിക്കയിടങ്ങളിലും സമാധാനം നിലനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം തവണയും മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ എന്‍ ബിരേന്‍ സിംഗ്, നിയമസഭാ സ്പീക്കര്‍ വൈ ഖേംചന്ദ് സിംഗ്, ഉപമുഖ്യമന്ത്രിയും എന്‍പിപി സ്ഥാനാര്‍ത്ഥിയുമായ യുമ്നം ജോയ്കുമാര്‍, മണിപ്പൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ ലോകേഷ് സിംഗ് എന്നിവരുള്‍പ്പെടെ 173 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 12,09,439 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 38 സീറ്റുകളില്‍ 10 മണ്ഡലങ്ങള്‍ ഇംഫാല്‍ ഈസ്റ്റിലും 13 എണ്ണം ഇംഫാല്‍ വെസ്റ്റിലും ആറ് വീതം ബിഷ്ണുപുരിലും ചുരാചന്ദ്പൂരിലും മൂന്ന് കാങ്പോക്പി ജില്ലയിലുമാണ്.
ബാക്കിയുള്ള 22 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രണ്ടാം ഘട്ടത്തില്‍ മാര്‍ച്ച് 5 ന് നടക്കും, വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും.
Discussion about this post