ഡല്‍ഹി: യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ഉക്രൈന്. കാര്‍ക്കീവിലെ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖര്‍ കൊല്ലപ്പെട്ടതില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നെന്ന് ഇന്ത്യയിലെ ഉക്രൈന് സ്ഥാനപതി ഡോ. ഇഗൊര്‍ പൊലിഖ പറഞ്ഞു.
നേരത്തെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ഷെല്ലിങ്ങും ബോബാക്രമണങ്ങളും നടന്നത്. ഇപ്പോള്‍ ജനവാസ മേഖലകളിലേക്കും അത് വ്യാപിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
‘രജപുത്രര്‍ക്കെതിരെ മുഗളന്മാര് സംഘടിപ്പിച്ച കൂട്ടക്കൊല പോലെയാണിത്. ബോംബാക്രമണവും ഷെല്ലാക്രമണവും നിര്‍ത്താന്‍ പുടിനെതിരെ എല്ലാ വിഭവങ്ങളും ഉപയോഗിക്കണമെന്ന് ഞങ്ങള്‍ ഓരോ തവണയും, മോദി ഉള്‍പ്പെടെ സ്വാധീനമുള്ള എല്ലാ ലോക നേതാക്കളോടും ആവശ്യപ്പെടുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്റെ കുടുംബവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവീന്റെ പിതാവ് ശേഖര്‍ ഗൗഡയുമായി സംസാരിച്ച പ്രധാനമന്ത്രി കുടുംബത്തെ അനുശോചനം അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നവീന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Discussion about this post