കൊച്ചി: എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരെ ലൈംഗികമായി അതിക്രമം നടത്തിയ കേസിലടക്കം പ്രതിയായ എസ്എഫ്ഐ നേതാവിന് വധശ്രമക്കേസില്‍ അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കി ഹൈക്കോടതി. എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പിഎം അര്‍ഷോയുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്.
ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. ആര്‍ഷോയ്ക്ക് എതിരെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുള്ള എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്താനും ഹൈക്കോടതി ഉത്തരവിട്ടു. മറ്റൊരു കേസില്‍ ആര്‍ഷോയ്ക്ക് അനുകൂലമായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്കി.
ക്രിമിനല്‍ കേസുകളില്‍ പ്രതിയല്ലെന്ന തെറ്റായ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ഷോയ്ക്ക് എതിരായ മറ്റൊരു കേസ് കോടതി റദ്ദാക്കിയിരുന്നു.
എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന അതിക്രമത്തിനെതിരെ എ.ഐ.എസ്.എഫ് വനിത നേതാവ് പോലീസില്‍ നല്കിയ പരാതി വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ശാരീരിക മര്‍ദനത്തോടൊപ്പം ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തതായി പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post