ബംഗലൂരു: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആർ എസ് എസ് – ബജരംഗദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണ്ണാടക സർക്കാർ. ഹർഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫോണിലൂടെ അറിയിച്ചതായി ഗ്രാമീണ വികസന പഞ്ചായത്തിരാജ് മന്ത്രി കെ.എസ് ഈശ്വരപ്പ സ്ഥിരീകരിച്ചു.
മാർച്ച് ആറാം തീയതി താനും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ഹർഷയുടെ വീട്ടിൽ നേരിട്ടെത്തി കുടുംബാംഗങ്ങൾക്ക് ചെക്ക് കൈമാറുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. അതേസമയം ഓൺലൈൻ പ്രചാരണത്തിലൂടെ ഹർഷയുടെ കുടുംബത്തിനായി ഇതിനകം 60 ലക്ഷത്തോളം രൂപ സമാഹരിച്ച് കഴിഞ്ഞു. ഫെബ്രുവരി 20ന് രാത്രിയാണ് ഹർഷയെ ഇസ്ലാമിക ഭീകരവാദികൾ കുത്തി കൊലപ്പെടുത്തിയത്.
ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ശക്തമായി പ്രചാരണം നടത്തിയ യുവനേതാവാണ് ഹർഷ. ഹർഷയെ കുത്തി കൊലപ്പെടുത്തിയ കേസിൽ 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. ശിവമോഗ സ്വദേശികളായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Discussion about this post