ഉക്രൈനില്‍ നിന്ന് ഇതുവരെ 15900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇന്ന് 11 വിമാനങ്ങളിലായി 2135 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. നാളെ എട്ട് വിമാനങ്ങളിലായി 1500 പേരെ നാട്ടിലെത്തിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, ഉക്രൈനിലെ മരിയുപോളില്‍ വീണ്ടും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഉക്രൈന് സമയം ഇന്നുരാത്രി ഒന്പതുവരെ 11 മണിക്കൂര്‍ നേരത്തേക്കാണ് താത്കാലിക വെടിനിര്‍ത്തല്‍.
ജനങ്ങളെ ഒഴിപ്പിക്കാന്‍ മൂന്നിടങ്ങളില്‍നിന്ന് ബസ് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. റെഡ്ക്രോസാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിനിടെ പൗരന്മാര് ഉടന്‍ രാജ്യം വിടണമെന്ന് അമേരിക്കയും കാനഡയും നിര്‍ദേശിച്ചു.
അതേസമയം, മൂന്നാംവട്ട ചര്‍ച്ച നാളെ നടന്നേക്കുമെന്നുള്ള സൂചനകളും പുറത്തുവന്നു. എന്നാല്‍ നാറ്റോയെ യുദ്ധത്തിലുള്പ്പെടുത്താന് ശ്രമിച്ച് സെലെന്‍സ്കി സമവായം തടയുന്നുവെന്ന് റഷ്യ ആരോപിച്ചു. മാത്രമല്ല ലക്ഷ്യം കാണുംവരെ പോരാടുമെന്ന് പറഞ്ഞ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്, കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ യുദ്ധപ്രഖ്യാപനമാകുമെന്ന് മുന്നറിയിപ്പുനല്‍കി.
Discussion about this post