അമൃത്സര്‍: അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) ഭടന്റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. കോണ്‍സ്റ്റബിള്‍ എസ്.കെ. സതെപ്പ ആണ് വെടിയുതിര്‍ത്തത്. ഞായറാഴ്ച രാവിലെ 9.30നായിരുന്നു സംഭവം.
സതെപ്പയും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇയാള്‍ സ്വയം വെടിവെച്ചതാണോ എന്നത് വ്യക്തമല്ല. വെടിയുണ്ട തിരിച്ചു തെറിച്ചാവാം സതെപ്പ കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. അഠാരി-വാഗ അതിര്‍ത്തിക്കടുത്തുള്ള 144 ബറ്റാലിയന് കാമ്പസിലാണ് വെടിവെപ്പുണ്ടായത്.
ഡ്യൂട്ടി സമയത്തില്‍ സതെപ്പ അസ്വസ്ഥനായിരുന്നു എന്നാണ് ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് പഞ്ചാബ് ബി.എസ്.എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ ആസിഫ് ജലാല്‍ പറഞ്ഞു.
സതെപ്പയും സഹപ്രവര്‍ത്തകരുമായും പ്രശ്നങ്ങളൊന്നുമില്ല. കാമ്പസില്‍ പാര്‍ക്കുചെയ്ത കമാന്‍ഡിങ് ഓഫിസറുടെ വാഹനത്തിനുനേരെയും സതെപ്പ വെടിയുതിര്‍ത്തിട്ടുണ്ട്. കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്കോണ്സ്റ്റബിള് റാങ്കുകളിലുള്ളവരാണ് കൊല്ലപ്പെട്ടത്. അന്വേഷണം ആരംഭിച്ചതായി ബി.എസ്.എഫ് വക്താവ് അറിയിച്ചു.
Discussion about this post