അഹമ്മദാബാദ്: നാലു സംസ്ഥാനങ്ങളിലെ ബിജെപിയുടെ മിന്നുന്ന വിജയത്തിനു പിന്നാലെ ഗുജറാത്തിലെ അഹമ്മദാബാദില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഗുജറാത്തിലെത്തിയത്. ഇന്ന് ഉച്ചയോടു കൂടി സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഈ വര്‍ഷത്തിന്റെ അവസാനത്തോടെയാണ് ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇപ്പോഴുള്ള മോദിയുടെ സന്ദര്‍ശനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായിട്ടാണ് പാര്‍ട്ടി പാര്‍ട്ടി പ്രവര്‍ത്തകരുള്‍പ്പടെ കാണുന്നത്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് തുടങ്ങിയ റോഡ് ഷോ ആറു കിലോമീറ്റര്‍ അകലെ ഗാന്ധിനഗറിലുള്ള ബിജെപിയുടെ ആസ്ഥാനത്താണ് അവസാനിച്ചത്. കാവി നിറത്തിലുള്ള തൊപ്പി ധരിച്ചാണ് അദേഹം റോഡ് ഷോയില്‍ പങ്കെടുത്തത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ സി ആര് പട്ടേലും വാഹനത്തില്‍ മോദിക്കൊപ്പം റാലിയില്‍ പങ്കെടുത്തു.
മേംനഗറിലെ ജിഎംഡിസി മൈതാനത്ത് ഒരു ലക്ഷത്തിലധികം വരുന്ന ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടെ ‘ഗുജറാത്ത് പഞ്ചായത്ത് മഹാ സമ്മേളന്’ എന്ന പരിപാടിയെ മോദി അഭിസംബോധന ചെയ്യും. ഇതു കൂടാതെ രാഷ്ട്രീയ രക്ഷാ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. അതിനു ശേഷം രാജ്ഭവനിലും അവിടുന്ന് നവരംഗപുരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘ഖേല്‍ മഹാകുംഭ്’ എന്ന പരിപാടിയിലും കൂടി പങ്കെടുത്ത ശേഷമാകും മോദി തിരികെ ഡല്‍ഹിയിലേക്കു തിരിക്കുക.
Discussion about this post