ഡല്‍ഹി: പന്ത്രണ്ടിനും പതിനാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷനും അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് കരുതല്‍ ഡോസ് വിതരണവും രാജ്യത്ത് ഇന്ന് തുടങ്ങും. 2010 മാര്‍ച്ച് 15ന് മുമ്പ് ജനിച്ചവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിനേഷന് നല്‍കുക. ഈ വിഭാഗത്തിലുള്ളവര്‍ക്കായി പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിന്‍ ആപ്പില്‍ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കിയോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് വഴിയോ വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷന് കേന്ദ്രത്തില്‍ നേരിട്ടത്തിയും രജിസ്ട്രേഷന് നടത്താം. ബയോളജിക്കല്‍ ഇ കമ്പനി പുറത്തിറക്കുന്ന കോര്‍ബേവാക്സ് മാത്രമാണ് കുട്ടികളില്‍ കുത്തിവെക്കുക. വാക്സിന് തല്ക്കാലം സര്‍ക്കാര്‍ കുത്തിവയ്പു കേന്ദ്രങ്ങളില്‍ മാത്രമേ ലഭ്യമാകൂ എന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 28 ദിവസത്തെ ഇടവേളയിലെ രണ്ട് ഡോസ് വാക്സിന് കുത്തിവയ്പ് സൗജന്യമായിരിക്കും. രാവിലെ 9 മുതല്‍ റജിസ്ട്രേഷന് ആരംഭിക്കും.
ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരില്‍ വാക്സിനേഷന് തുടങ്ങിയത്. ഈ വിഭാഗത്തിലെ അര്‍ഹരായ മുഴുവന്‍ പേരും ആദ്യ ഡോസ് സ്വീകരിച്ചു. പകുതി പേര് വാക്സീനേഷന് പൂര്‍ത്തിയാക്കി. ഇതോടെയാണ് 12 വയസിന് മുകളിലുള്ളവര്‍ക്കും വാക്സീന് നല്കാന് തീരുമാനിച്ചത്. കരുതല്‍ എന്ന നിലയിലാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇതുവരെ മറ്റ് അസുഖങ്ങള്‍ ഉള്ള മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമാണ് കരുതല്‍ ഡോസ് നല്‍കിയിരുന്നത്. ഇത് മാറ്റി അറുപത് വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്സീന് നല്‍കാനാണ് തീരുമാനം.
Discussion about this post