കൊച്ചി: കടം വീട്ടാനായി 74 ആം വയസിലും ലോട്ടറി വില്പനയ്ക്കിറങ്ങിയ വയോധികയുടെ പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം എടുത്തു നല്കി സുരേഷ് ഗോപി എം.പി. വ്ലോഗര്‍ സുശാന്ത് നിലമ്പൂരിന്റെ വീഡിയോ കണ്ട് വിഷയത്തില്‍ ഇടപെട്ട താരം, ആധാരം എടുത്ത് നല്‍കാമെന്ന് നേരത്തെ വയോധികയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ, പണയത്തിലായിരുന്ന ആധാരം ഇന്നലെ വൈകിട്ട് 4 മണിക്ക് സുരേഷ് ഗോപി തിരിച്ചെടുത്ത് വയോധികയ്ക്ക് നല്കി.
സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് ആണ് ആധാരം നേരിട്ട് വയോധികയ്ക്ക് കൈമാറിയത്. സുശാന്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
എറണാകുളം സ്വദേശിയായ പുഷ്പ എന്ന 74കാരി റോഡരികില്‍ ലോട്ടറി വില്‍ക്കുന്ന വീഡിയോ സുശാന്ത് കഴിഞ്ഞ ദിവസമാണ് പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായിരുന്നു. കടം വീട്ടാനും കുടുംബം പുലര്‍ത്താനും വേണ്ടിയാണ് താന്‍, ഈ പ്രായത്തിലും പണിക്കിറങ്ങിയതെന്ന് ഇവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. വിധവയായ മരുമകളും മക്കളും ആണ് ഇവര്‍ക്കുള്ളത്. മൂത്തമകന് ഹൃദ്രോഗിയാണ്. ഇളയമകന് മരണപ്പെട്ടതും ഹൃദ്രോഗത്തെ തുടര്‍ന്നായിരുന്നു.
ലോട്ടറിയെടുക്കാനെത്തുന്നവരില് ചിലര്‍, തന്നെ പറ്റിക്കാറുണ്ടെന്ന് ഇവര്‍ തുറന്നു പറഞ്ഞിരുന്നു. 300 മുതല്‍ 1000 വരെ ആളുകള്‍ തന്നെ പറ്റിച്ച് സ്വന്തമാക്കാറുണ്ടെന്ന് ഇവര്‍ പറഞ്ഞു. വീടിന്റെ ആധാരം ബാങ്കിലാണെന്നും അത് തിരിച്ചെടുക്കാന്‍ 65,000 രൂപ വേണമെന്നുമായിരുന്നു ഇവര്‍ അറിയിച്ചത്. ഈ തുകയാണ് ഇപ്പോള്‍ സുരേഷ് ഗോപി നല്കി, ആധാരം തിരിച്ചെടുത്തിരിക്കുന്നത്.
Discussion about this post