ഡല്‍ഹി: ചലചിത്ര സംവിധായകന് വിനോദ് കാപ്രി പങ്കുവെച്ച വിഡിയോയിലെ യുവാവിന് സഹായം വാഗ്ദാനം ചെയ്ത് റിട്ടയേര്‍ഡ് ജനറല്‍ സതീഷ് ദുവ. ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ള പ്രദീപ് മെഹ്റ എന്ന 19കാരന് അര്‍ധരാത്രി വീട്ടിലേക്കെത്താന്‍ 10 കിലോമീറ്റര്‍ ഓടുന്ന വിഡിയോയാണ് കാപ്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്. സൈന്യത്തില്‍ ചേരണമെന്ന് അതിയായ ആഗ്രഹമുള്ള പ്രദീപ് പകല്‍ സമയങ്ങളില്‍ പരിശീലനത്തിന് സമയം കിട്ടാത്തതിനാലാണ് ജോലിക്ക് ശേഷം രാത്രികളില്‍ വീട്ടിലേക്കുള്ള ഓട്ടം പതിവാക്കിയത്.
അര്‍ധരാത്രി റോഡിലൂടെ യുവാവ് തനിച്ചോടുന്നത് ശ്രദ്ധയില്‍പ്പെട്ട കാപ്രി അദ്ദേഹത്തിന് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും എന്നാല്‍ പ്രദീപ് വിനയപൂര്‍വ്വം അത് നിരസിക്കുന്നതുമാണ് കാപ്രി തന്റെ വിഡിയോയിലൂടെ പങ്കുവെച്ചത്. വിഡിയോ കണ്ട ലഫ്റ്റനന്റ് ജനറല്‍ സതീഷ് ദുവ വിഡിയോ ട്വീറ്റ് ചെയ്യുകയും പ്രദീപിനെ സഹായിക്കുമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു.
”അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം അഭിനന്ദനാര്‍ഹമാണ്. റിക്രൂട്ട്മെന്റ് ടെസ്റ്റുകളില്‍ വിജയിക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നതിന് കുമയോണ്‍ റെജിമെന്റിന്റെ കേണലിനോടും ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ റാണ കലിത എന്നിവരുമായും ഞാന്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. തന്റെ റെജിമെന്റിലേക്കുള്ള റിക്രൂട്ട്മെന്റിന് പ്രദീപിനെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ അദ്ദേഹം ചെയ്യാമെന്നേറ്റിട്ടുണ്ട്. ജയ് ഹിന്ദ്” -സതീഷ് ദുവ ട്വീറ്റ് ചെയ്തു.
പ്രദീപിന്റെ നിശ്ചയദാര്‍ഢ്യത്തെയും കഠിനാധ്വാനത്തെയും പ്രശംസിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ വിഡിയോ പങ്കുവെച്ചത്.
Discussion about this post