ലക്നൗ: ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 37 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് യുപിയില്‍ ഒരു മുഖ്യമന്ത്രി അധികാരം നിലനിര്‍ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ മറ്റു മുതിര്‍ന്ന നേതാക്കള്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി, ബോളിവുഡ് താരങ്ങള്‍ എന്നിവര്‍ ലഖ്നൗ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ യുപി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദിനേശ് ശര്‍മ്മയ്ക്ക് പകരം ബ്രാഹ്മണ വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബ്രജേഷ് പഥക് ആണ് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയേയും രണ്ട് ഉപമുഖ്യമന്ത്രിമാരേയും കൂടാതെ 24 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ആകെ 52 പേരാണ് രണ്ടാം യോഗി സര്‍ക്കാരില്‍ അംഗമാവുന്നത്. ഇതില്‍ 16 പേര്‍ക്ക് ക്യാബിനറ്റ് പദവിയുണ്ട്. 14 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 20 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. ഇതില്‍ അഞ്ച് പേര് വനിതകളാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ്, ജാഠവ സമുദായ നേതാവ് ബേബി റാണി മൗര്യ എന്നിവര്‍ മന്ത്രിസഭയിലേക്ക് എത്തി.
നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദും മന്ത്രിയാകും ഉപമുഖ്യമന്ത്രിയായിരുന്ന ദിനേശ് ശര്‍മ്മയെ മാറ്റി ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ബ്രജേഷ് പാഠകിനെ ഉപമുഖ്യമന്ത്രിയാക്കിയതാണ് ശ്രദ്ധേയമായ ഒരു മാറ്റം. പ്രധാനമന്ത്രി മോദിയുടെ അടുപ്പക്കാരനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് എകെ ശര്‍മയ്ക്കും മന്ത്രി സ്ഥാനം ലഭിച്ചു. രണ്ടാം മോദി സര്‍ക്കാരില്‍ നിര്‍ണായക പദവിയിലേക്ക് അദ്ദേഹം എത്തിയേക്കും എന്നാണ് കരുതുന്നത്.
പതിനായിരങ്ങള്‍ പങ്കെടുത്ത ലഖ്നൗവിലെ അടല്‍ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അക്ഷയ് കുമാര്‍, കങ്കണ റണാവത്ത്, ബോണി കപൂര്‍ തുടങ്ങിയ സിനിമാ താരങ്ങളെയും ക്ഷണിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ വിവാദ ഹിന്ദി ചിത്രമായ ‘ദി കശ്മീര്‍ ഫയല്‍സ്’ അണിയറപ്രവര്‍ത്തകരും സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിച്ചു. മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിനെയും മായാവതിയെയും സമാജ്വാദി പാര്‍ട്ടി കുലപതി മുലായം സിംഗ് യാദവിനെയും യോഗി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്രമോദിയെ യോഗി ആദിത്യനാഥ് നേരിട്ട് വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കുകയായിരുന്നു.
403 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 255 സീറ്റുകളും 41.29 ശതമാനം വോട്ടും നേടിയാണ് ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരം നിലനിര്‍ത്തിയത്. പാര്‍ട്ടിയെ വന്‍ വിജയത്തിലേക്ക് നയിച്ച യോഗി ആദിത്യനാഥ് 37 വര്‍ഷത്തിനിടെ സംസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കി അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യമുഖ്യമന്ത്രി എന്ന റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചു.
Discussion about this post