രാംപൂര്‍ഹാട്ട്: പശ്ചിമ ബംഗാളില്‍ 10 പേരെ തീവെച്ചു കൊലപ്പെടുത്തിയ രാംപൂര്‍ഹാട്ടില്‍ സി.ബി.ഐ സംഘം പ്രാഥമിക പരിശോധന നടത്തി. കൊല്‍ക്കട്ട ഹൈക്കോടതി കേസ് സംസ്ഥാന പൊലീസിലെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും സി.ബി.ഐയെ ഏല്‍പ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സി.ബി.ഐ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയത്.
കേസ് സി.ബി.ഐയെ ഏല്‍പ്പിച്ച ഹൈക്കോടി ഉത്തരവിനെ സി.പി.എമ്മും ബി.ജെ.പിയും സ്വാഗതം ചെയ്തിട്ടുണ്ട്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും വ്യക്തമാക്കി.
രാംപൂര്‍ഹാട്ടില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പത്ത് പേരെയാണ് തീവെച്ചുകൊലപ്പെടുത്തിയത്. പൊലീസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സി എഫ്ഐആര്‍ ഫയല്‍ ചെയ്തതായും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറി (സിഎഫ്എല്‍) വിദഗ്ധരുടെ മറ്റൊരു സിബിഐ സംഘമാണ് കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധനയ്ക്കായി എത്തിയത്. കൊല്ലപ്പെട്ടവരില്‍ ഒരാളായ സോന ഷെയ്ഖിന്റെ കത്തിനശിച്ച വീട് എട്ട് ഫോറന്‍സിക് വിദഗ്ധര്‍ സന്ദര്‍ശിച്ചു. ക്രൂരമായ ആക്രമണമാണ് നടന്നതെന്നും ചിലരെ വീടുകളില്‍ പൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്തതെന്നും ഗ്രാമവാസികള്‍ ആരോപിച്ചു.
മരിച്ചവരുടെ ശ്വാസകോശത്തിലെ കാര്‍ബണിന്റെ അളവ് പരിശോധിച്ചാല്‍ അവരെ ജീവനോടെ കത്തിച്ചതാണോയെന്ന് വ്യക്തമാകുമെന്ന് സംസ്ഥാന ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കി. ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ടതാണ് അക്രമത്തിന് കാരണമായതെന്ന് സംശയിക്കുന്നു.
Discussion about this post