ലഖ്നൗ : തന്റെ മന്ത്രിസ്ഥാനം പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും എസ്പിയുടെയും കരണത്ത് നല്കുന്ന അടിയാണെന്ന് ഉത്തര്‍ പ്രദേശിലെ ഏക മുസ്ലീം മന്ത്രിയായ ഡാനിഷ് ആസാദ് അന്‍സാരി. താന്‍ മന്ത്രിയായത് അപ്രതീക്ഷിതമായിരുന്നില്ല എന്നും മറിച്ച് ഒരു സമര്‍പ്പിത പ്രവര്‍ത്തകനില്‍ പാര്‍ട്ടി സ്ഥാപിച്ച വിശ്വാസത്തിന്റെ ഫലമാണെന്നും അന്‍സാരി പറഞ്ഞു. വെള്ളിയാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അന്‍സാരി.
യോഗി ആദിത്യനാഥിന്റെ രണ്ടാം സര്‍ക്കാരിലെ 52 മന്ത്രിമാരാണ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. “എനിക്ക് അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ മന്ത്രിസ്ഥാനം എസ്പിക്കും കോണ്‍ഗ്രസിനും ബിജെപി നല്കിയ അടിയാണ്. യോഗി സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടെയും പ്രയോജനം മുസ്ലീങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. പദ്ധതികളില്‍ മുസ്ലീങ്ങളെ ഒരുമിച്ച് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കും,” അദ്ദേഹം പറഞ്ഞു. “എന്നെപ്പോലുള്ള ഒരു സാധാരണ പാര്‍ട്ടി പ്രവര്ത്തകന് ഇത്രയും വലിയ അവസരം നല്‍കിയതിന് പാര്‍ട്ടിയോട് ഞാന്‍ നന്ദി പറയുന്നു. ഞാന്‍ എന്റെ ചുമതലകള്‍ പൂര്‍ണ്ണ സത്യസന്ധതയോടെ നിര്‍വഹിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയില്‍ മുസ്ലീങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നടത്തുന്ന ക്ഷേമപദ്ധതികള്‍ മുസ്ലീങ്ങള്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. പദ്ധതികളുടെ ആനുകൂല്യം നല്‍കുന്നതിന് മുമ്പ് ഈ സര്‍ക്കാര്‍ ആരോടും ജാതിയും മതവും ചോദിക്കുന്നില്ല. മുസ്ലീങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും ബിജെപിയുടെ മുസ്ലീം വിരുദ്ധത പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഒന്നാം യോഗി സര്‍ക്കാരില്‍ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയായിരുന്ന മൊഹ്സിന്‍ റാസയെ മാത്രമായിരുന്നു മന്ത്രിസഭയില്‍ ആകെ ഉണ്ടായിരുന്ന മുസ്ലീം മന്ത്രി.
Discussion about this post