നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിന്റെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഐഎ. കേസില്‍ ഇറാന് വംശജനായ അഹമ്മദ് ഗൊല്‍ച്ചിന്റെ ഇടപെടല്‍ അന്വേഷിക്കാനാണ് അന്വേഷണസംഘം എന്‍ഐഎയുടെ സഹായം തേടുന്നത്.
അഹമ്മദ് ഗൊല്‍ച്ചിനും ദിലീപുമായുള്ള ബന്ധമാണ് എന്‍ഐഎ അന്വേഷിക്കുക. കേസിലെ സാക്ഷികളെ മൊഴി മാറ്റാന്‍ ഗൊല്‍ച്ചിന്‍ സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഇരുവരും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളും പരിശോധിക്കാനാണ് തീരുമാനം. ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ് സ്ഥാപകനാണ് ഗൊല്‍ച്ചിന്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് പാര്‍സ് ഫിലിംസിലെ ജീവനക്കാരനായിരുന്നു. ജയില്‍ മോചിതനായതിന് പിന്നാലെ ദുബായില്‍ എത്തി ദിലീപ് ഗൊല്‍ച്ചിനെ കണ്ടിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഗൊല്‍ച്ചിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബാലചന്ദ്രകുമാര്‍ ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പുറത്തുവിട്ടിരുന്നു. ”ഇറാനിയന്‍ സ്വദേശിയാണ് അഹമ്മദ് ഗൊല്‍ച്ചന്‍. ഗുല്‍ഷന്‍ എന്ന് ഓമനപ്പേരില്‍ വിളിക്കും. അയാളുടെ പിന്നാലെ പൊലീസ് പോയി തുടങ്ങിയിട്ടുണ്ട്. വിദേശത്ത് പല സ്ഥലത്തും ഈ വീഡിയോ ഉണ്ടെന്ന് പലരും തന്നോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. അത് കൃത്യസമയത്തു തന്നെ പൊലീസിനെ അറിയിച്ചിരുന്നു.”
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് ആളിലേക്ക് എത്തുമെന്നും കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപ് ഇയാളെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ കഴിഞ്ഞആഴ്ച റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. ഗുല്‍ഷനെ കാണാന്‍ വേണ്ടിയാണ് ദിലീപ് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും ഇതിന്റെ മറയായിട്ടാണ് ദേ പുട്ട് കടയുടെ ഉദ്ഘാടനം ദുബായിയില്‍ നടത്തിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
ബാലചന്ദ്രകുമാര്‍ അന്ന് പറഞ്ഞത്: ”കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് പേരുള്ള ഒരാളുടെ പിന്നാലെ പോകും. ഇത് വരുംദിവസങ്ങളില്‍ സംഭവിക്കും. ഇദ്ദേഹത്തിന്റെ കോണ്ടാക്ടാണ് അഴിച്ചു കളഞ്ഞതില്‍ ഒരു കോണ്ടാക്ട്. ഗുല്‍ഷന്‍ എന്ന് പേരുള്ള ദുബായില്‍ താമസിക്കുന്ന ഡി കമ്ബനിയില്‍ അംഗമായിട്ടുള്ള ഒരാളിലേക്ക് ഈ അന്വേഷണം പോകും. എന്റെ പരാതിയിലെ 18-ാം പോയന്റ്, 2017 നവംബര്‍ 15ന് ദിലീപും സംഘവും ചര്‍ച്ച നടത്തിയിട്ട് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചു. ഗുല്‍ഷന്‍ എന്ന വ്യക്തിയെ കാണാന്‍ വേണ്ടിയാണ് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഇതിന്റെ മറയായിട്ടാണ് ദേ പുട്ട് കടയുടെ ഉദ്ഘാടനം വെച്ചത്. എന്നിട്ടാണ് പാസ്പോര്‍ട്ട് കോടതിയോട് ആവശ്യപ്പെട്ടത്. ഇത് വാങ്ങിയിട്ടാണ് ദിലീപ് ദുബായില്‍ പോയി ഗുല്‍ഷനെ കണ്ടത്. ഗുല്‍ഷന്റെ കീഴില്‍ ദിലീപിന്റെ അടുത്ത ഒരു ബന്ധു കുറെ കാലം ജോലി ചെയ്തിട്ടുണ്ട്. ഗുല്‍ഷന്‍ ഡി കമ്ബനിയുടെ ആളാണെന്ന് വരുംദിവസങ്ങളില്‍ പൊലീസ് കണ്ടെത്തും.”
Discussion about this post