ഡല്‍ഹി: ഇസ്ലാമിക പണ്ഡിതന് സാകിര്‍ നായിക് നേതൃത്വം നല്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐ.ആര്.എഫ്) നിരോധിക്കാനും നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏകാംഗ ട്രൈബ്യൂണല്‍ റിട്ട. ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ ശരിവെച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
2021 നവംബര്‍ 15നാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1967-ലെ യു.എ.പി.എ സെക്ഷന്‍ 4 പ്രകാരം സംഘടനകളെ നിരോധിക്കുമ്പോള്‍ ട്രൈബ്യൂണല്‍ രൂപവത്കരിച്ച് അവര്‍ ആരോപണങ്ങള്‍ പരിശോധിച്ച് നിരോധനം ശരിവെക്കണം. ഇതനുസരിച്ചാണ് ഐ.ആര്.എഫിന്റെ നിരോധനത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അന്നത്തെ ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ അധ്യക്ഷനായ ട്രൈബ്യൂണലിനെ 2021 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്.
ഐ.ആര്.എഫ് സ്ഥാപകന്‍ ഡോ. സാക്കിര്‍ നായിക്കും പ്രവര്‍ത്തകരും വിവധ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. യുവാക്കളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചാവേര്‍ സ്ഫോടനങ്ങളെ ന്യായീകരിക്കുകയും ആക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇത്തരം വിഭജന പ്രത്യയശാസ്ത്രം ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിചാരണക്കിടെ ആഭ്യന്തര മന്ത്രാലയം ഡയറക്ടര്‍ മുദ്രവെച്ച 5 കവര്‍ കവറുകള്‍ ട്രൈബ്യൂണലിന് മുന്നില്‍ ഹാജരാക്കിയിരുന്നു. ഈ കവറുകളില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ പരിശോധിച്ചും തെളിവുകള്‍ കണക്കിലെടുത്തുമാണ് ട്രൈബ്യൂണല്‍ വിധി പ്രസ്താവിച്ചത്.
ഐ.ആര്.എഫും ഭാരവാഹികളും ദേശീയ താല്പര്യത്തിന് ഹാനികരമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തുടരുന്നതായി തോന്നുന്നുവെന്നും അത് ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവക്ക് ഭീഷണിയാണെന്നും ഇന്ത്യക്കെതിരെ ജനങ്ങളില്‍ അതൃപ്തി ഉണ്ടാക്കുന്നുവെന്നും ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു.
Discussion about this post