ലാഹോര്‍: തനിക്ക് വേണ്ടി തെരുവിലേക്കിറങ്ങാന്‍ പാകിസ്ഥാന് ജനതയോട് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നാളെ പാകിസ്ഥാന് ദേശീയ കൗണ്‍സിലില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതോടെ ഇമ്രാന്റെ പ്രധാനമന്ത്രി പദം തെറിക്കുമെന്ന് ഏറെകുറേ ഉറപ്പാണ്. അതിനു മുമ്പ് അവസാനവട്ട ശ്രമം എന്ന നിലയ്ക്കാണ് ഇമ്രാന് ജനങ്ങളോട് തെരുവിലേക്ക് ഇറങ്ങാന്‍ ആഹ്വാനം ചെയ്തതെന്ന് കരുതുന്നു.
നാളെ നടക്കുന്ന അവിശ്വാസപ്രമേയത്തില്‍ തന്റെ എതിരാളികളായ പ്രതിപക്ഷ പാര്‍ട്ടികളെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് തനിക്ക് വ്യക്തമായ പദ്ധതികളുണ്ടെന്ന് പറഞ്ഞ ഇമ്രാന് അതിനു പക്ഷേ തനിക്ക് പാകിസ്ഥാന് ജനങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനെ വിദേശ രാജ്യങ്ങളുടെ പിടിയില്‍ നിന്ന് രക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അതിന് പാക് ജനത ഒപ്പമുണ്ടാകണമെന്നും ഇമ്രാന് ആവശ്യപ്പെട്ടു. വേറെ ഏത് രാജ്യമായിരുന്നെങ്കിലും ഇത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ തെരുവിലേക്കിറങ്ങുമെന്നും അത് ഇവിടെ നടക്കാത്തത് ഇത് പാകിസ്ഥാന് ആയതു കൊണ്ടാണെന്നും ഇമ്രാന് ഖാന് പറയുന്നു.
Discussion about this post