ബാലസോര്‍: അതിവേഗം വ്യോമഭീഷണികള്‍ തടയാന്‍ മിസൈലിന് ശേഷി നല്കുന്ന പ്രൊപ്പല്‍ഷന്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്.ഡി.ഒ). സോളിഡ് ഫ്യുവല്‍ ഡക്റ്റഡ് റാംജെറ്റ് (എസ്.എഫ്.ഡി.ആര്) ബൂസ്റ്റര്‍ എന്ന സംവിധാനം ഒഡിഷ തീരത്ത് ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് വെള്ളിയാഴ്ച പരീക്ഷിച്ചത്.
ശബ്ദത്തേക്കാള്‍ (സൂപ്പര്‍സോണിക്) വേഗത്തില്‍ ഏറെ അകലെയുള്ള ആകാശഭീഷണി തടയാന്‍ മിസൈലിനെ പ്രാപ്തമാക്കുന്നതാണ് എസ്.എഫ്.ഡി.ആര് അധിഷ്ഠിത പ്രൊപ്പല്‍ഷന്‍ സിസ്റ്റം (ചലനശക്തി സംവിധാനം). പുതിയ സംവിധാനം അന്തരീക്ഷത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കുന്ന മിസൈലുകളുടെ പരിധി കൂട്ടാന്‍ ഡി.ആര്.ഡി.ഒയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
ഹൈദരാബാദിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ലബോറട്ടറി, ഹൈദരാബാദിലെ റിസര്‍ച്ച് സെന്റര്‍ ഇമാറത്ത്, പുണെയിലെ ഹൈ എനര്‍ജി മെറ്റീരിയല്‍സ് റിസര്‍ച്ച് ലബോറട്ടറി തുടങ്ങിയവയുമായി സഹകരിച്ചാണ് സംവിധാനം വികസിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പരീക്ഷണവിജയത്തിന് ഡി.ആര്.ഡി.ഒയെ അഭിനന്ദിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, രാജ്യത്തെ നിര്‍ണായക മിസൈല്‍ സാങ്കേതികവിദ്യ വികസനത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണിതെന്ന് പറഞ്ഞു.
Discussion about this post