അധികാരത്തില്‍ തുടരാന്‍ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളിയതോടെ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പുറത്തായി. രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ച ഉന്നയിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാളയത്തില്‍ നിന്നും ആളുകൂടിയതോടെയാണ് ഇമ്രാന്ഖാന് വീണത്.
342 അംഗ ദേശീയ അസംബ്ലിയില്‍ 172 പേരുടെ പിന്തുണയായിരുന്നു ആവശ്യം. അവിശ്വാസം മറികടക്കാനാകില്ലെന്ന് മനസ്സിലാക്കി വോട്ടെടുപ്പ് അനുവദിക്കാതെ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഇമ്രാന്റെ രാഷ്ട്രീയ ബുദ്ധി സുപ്രീംകോടതിയുടെ പ്രതിരോധത്തിലാണ് തകര്‍ന്നത്.
അസംബ്ലി പിരിച്ചുവിട്ടത് റദ്ദാക്കിയ കോടതി ശനിയാഴ്ച സഭ ചേരാന്‍ ഉത്തരവിട്ടു. ഇമ്രാന് വീണതോടെ, പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ ഒരു പ്രധാനമന്ത്രിക്കും അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന ചരിത്രം തിരുത്താന്‍ ഇമ്രാന്‍ഖാനുമായില്ല.
അവിശ്വാസം വിജയിച്ച് വോട്ടെടുപ്പിലൂടെ പുറത്തായ ആദ്യ പാകിസ്ഥാന് പ്രധാനമന്ത്രിയുമായി ഇമ്രാന്ഖാന്. സുപ്രീംകോടതി നിര്‍ദേശപ്രകാരം ശനി പകല്‍ 10.30ന് ചേര്‍ന്ന സഭ ഒരു ദിവസംനീണ്ട അനിശ്ചിതാവസ്ഥയ്ക്കെക്കൊടുവില്‍ അര്‍ധരാത്രിയിലാണ് അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പിലേക്ക് കടന്നത്.
വോട്ടെടുപ്പിനു തൊട്ടുമുമ്പ് സ്പീക്കര്‍ ആസാദ് ഖെെസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവച്ചു. തുടര്‍ന്ന് പ്രതിപക്ഷ അംഗം അയാസ് സാദിഖാണ് സഭ നയിച്ചത്. ഭരണ പ്രതിപക്ഷ വാക്കേറ്റത്തില്‍ മണിക്കൂറുകളോളം സ്തംഭിച്ചു.
വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള തന്ത്രം ഇമ്രാന്റെ പാര്‍ടിയായ തെഹ്രികി ഇന്‍സാഫിന്റെ (പിടിഐ) അംഗങ്ങള്‍ പയറ്റി. നാലുതവണ സഭ നിര്‍ത്തിവച്ചു. ഇമ്രാന്ഖാന് അര്‍ധരാത്രിയില്‍ മാത്രമാണ് സഭയിലെത്തിയത്. പാകിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുള്ള അമേരിക്കന്‍ ഗൂഢാലോചന വെളിപ്പെടുത്തുന്ന കത്ത് ചീഫ് ജസ്റ്റിസിന് കെെമാറുമെന്ന് ഇമ്രാന് പറഞ്ഞു.
ശനിയാഴ്ച വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി ഉണ്ടാകുമെന്ന സ്ഥിതിയുമുണ്ടായി. സുപ്രീംകോടതി അര്‍ധരാത്രി തുറക്കുമെന്ന് ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്ദിയാല്‍ വ്യക്തമാക്കി. പട്ടാള അട്ടിമറിയുടെ ചരിത്രമുള്ള പാകിസ്ഥാനില്‍ അനിശ്ചിതാവസ്ഥ തുടര്‍ന്നത് അഭ്യൂഹങ്ങള്‍ക്കും വഴിവച്ചു. ഇതിനിടെ ഇമ്രാന് മന്ത്രിസഭായോഗം വിളിച്ചത് അഭ്യൂഹം സൃഷ്ടിച്ചു. രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
Discussion about this post