ഷിംല: ഹിമാചല്‍ പ്രദേശില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. നിരവധി നേതാക്കള്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെ സംസ്ഥാന പ്രവര്‍ത്തക സമിതി പിരിച്ചുവിടുന്നതായി നേതൃത്വം അറിയിച്ചു.
ഹിമാചല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പുതിയ പ്രവര്‍ത്തക സമിതി സംഘടിപ്പിക്കുമെന്ന് ആം ആദ്മി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജെയിന് അറിയിച്ചു. പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടതും പുന:സംഘടിപ്പിക്കുന്നതും സംബന്ധിച്ച പാര്‍ട്ടിയുടെ തീരുമാനം ട്വിറ്ററിലൂടെയാണ് ജെയിന് അറിയിച്ചത്.
പഞ്ചാബിലെ പോലെ ഹിമാചലിലും തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിക്കുന്ന അരവിന്ദ് കെജരിവാള്‍ ഇപ്പോള്‍ സംസ്ഥാനത്ത് തന്റെ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പരിഹസിച്ചു. എന്നാല്‍ ഹിമാചലില്‍ കോണ്‍ഗ്രസ് 30 വര്‍ഷവും ബി.ജെ.പി 17 വര്‍ഷവും ഭരിച്ചിട്ട് സംസ്ഥാനത്തെ കൊള്ളയടിക്കുക മാത്രമാണ് ചെയ്തതെന്ന് കെജരിവാള്‍ പറഞ്ഞു. ഒരു അഞ്ച് വര്‍ഷം ആം ആദ്മിക്ക് നല്കുകയാണെങ്കില് നല്ല ഭരണം കാഴ്ചവെക്കാമെന്നും അദ്ദേഹം ഉറപ്പു നല്കി.
ഈ വര്‍ഷം അവസാനമാണ് ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post