ആസാമില്‍ വിഷ കാട്ടുകൂണ്‍ കഴിച്ച് 13 പേര് മരിച്ചു. മരിച്ചവരില്‍ ആറു വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി പേര് നിരീക്ഷണത്തിലാണ്. ചികിത്സയിലിരിക്കെയാണ് ഭൂരിഭാഗം പേരും മരിച്ചതെന്നും നിരവധി പേര് ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ദിബ്രുഗഡിലെ അസം മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ സൂപ്രണ്ട് പ്രശാന്ത ദിഹിന്‍ഗിയ പറഞ്ഞു. ആസാമിലെ ചറൈഡിയോ, ദിബ്രുഗഡ്, ശിവസാഗര്‍, ടിന്‍സുകിയ എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചത്.
കിഴക്കന്‍ ആസാമിലെ ചറൈഡിയോ, ദിബ്രുഗഡ്, ശിവസാഗര്‍, ടിന്‍സുകിയ ജില്ലകളില്‍ നിന്നുള്ള തേയിലത്തോട്ട തൊഴിലാളികളായ 35 പേരെ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കൂണ് കഴിച്ചതിനു ശേഷം ഉണ്ടായ അസ്വസ്ഥതകളെ തുടര്‍ന്ന് എഎംസിഎച്ചില് പ്രവേശിപ്പിച്ചതായി ദിഹിന്ഗിയയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 35 പേരില്‍ 13 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു.
ഏപ്രില്‍ ആറാം തീയതി തേയിലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആണ് സ്ത്രീകള്‍ കൂണുകള്‍ നുള്ളിയെടുത്തത്. വീട്ടിലെത്തിയ ഇവര്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് ഇത് പാകം ചെയ്ത് നല്കി. മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദ്ദിയും കഠിനമായ വയറുവേദനയും അനുഭവപ്പെട്ടു. അടുത്തുള്ള ഒരു ആശുപത്രിയിലേക്കാണ് എല്ലാവരെയും ആദ്യം കൊണ്ടുപോയത്. ശാരീരികനില വഷളായതിനെ തുടര്‍ന്ന് എഎംസിഎച്ചിലേക്ക് മാറ്റുകയായിരുന്നു.
ഏപ്രില്‍ 9 ന് ബാബുഡെംഗ ലൈനിലെ സോനാരി നാപുക് ടീ എസ്റ്റേറ്റിലെ നുനു മിര്‍ധ (24), സുമ്ലി മിര്‍ധ (20), സുന്ദര്‍ മിര്‍ധ (20), അജോയ് ബൗരി (22) എന്നിവരെയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ നാല് പേരുടെയും നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post