ബംഗളൂരു: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തില്‍ നാലാം തരംഗ ഭീഷണി മുന്‍നിര്‍ത്തി കര്‍ണാടകയില്‍ മാസ്കും സാമൂഹിക അകലവും നിര്‍ബന്ധമാക്കി. കര്‍ണാടകയിലെ കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് തിങ്കളാഴ്ച 1.38 ശതമാനമായും ബംഗളൂരുവിലേത് 1.9 ശതമാനമായും ഉയര്‍ന്ന സാഹചര്യത്തിലാണ് മാസ്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണം കൊണ്ടുവരാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചത്.
തുടര്‍ന്നാണ് ഇതുസംബന്ധിച്ച ആരോഗ്യവകുപ്പ് സെക്രട്ടറി പി. രവികുമാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് ഫെബ്രുവരി 28 മുതലാണ് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയത്.
നിലവില്‍ ഡല്‍ഹി, ഹരിയാന, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണെന്നും കര്‍ണാടകയിലെ പ്രതിദിന കേസുകളില്‍ നേരിയ വര്‍ധനവുണ്ടെന്നും ഈ സാഹചര്യത്തിലാണ് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
സംസ്ഥാന കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പൊതുയിടത്തിലും ജോലിസ്ഥലത്തും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും വാഹനങ്ങളിലും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമായിരിക്കും. പൊതുഇടത്തില്‍ തുപ്പുന്നതിന് നിലവിലുള്ള നിയമപ്രകാരം പിഴയീടാക്കും. പൊതുഇടങ്ങളില്‍ കുറഞ്ഞത് രണ്ട് അടിയുടെ സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Discussion about this post