ബീജിംഗ്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ചൈനയിൽ മനുഷ്യരിൽ പടരുന്ന പക്ഷിപ്പനിയും സ്ഥിരീകരിച്ചു. ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് ആദ്യത്തെ എച്ച്3എൻ8 വകഭേദം മനുഷ്യനിൽ സ്ഥിരീകരിച്ചത്.
പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങളുമായി ചികിത്സ തേടിയ നാല് വയസ്സുകാരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വീട്ടിൽ വച്ച് കോഴികളുമായും കാക്കകളുമായും കുട്ടി സമ്പർക്കത്തിൽ വന്നിരുന്നതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
കുതിരകളിലും നായ്ക്കളിലും പക്ഷികളിലും നീർനായകളിലും മാത്രമാണ് ഇതിന് മുൻപ് എച്ച്3എൻ8 സ്ഥിരീകരിച്ചിരുന്നത്. രോഗം ആദ്യമായി മനുഷ്യനിൽ ബാധിക്കുന്നു എന്നത് ഗുരുതരവും പ്രവചനാതീതവുമായ് സ്ഥിതിവിശേഷമാണെന്ന് ആരോഗ്യ വിദഗ്ധർ ആശങ്കപ്പെടുന്നു.
2019 അവസാന പാദം ചൈനയിൽ പടർന്നു പിടിച്ച കൊവിഡ് 19 ലോകത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ച മഹാമാരിയായി ഇന്നും തുടരുകയാണ്. അതിനിടെ ചൈനയിൽ നിന്ന് തന്നെ മാരകമായ മറ്റൊരു വൈറസ് ബാധ കൂടി മനുഷ്യനിൽ സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് ലോകം.
Discussion about this post