ഹിന്ദിഭാഷ അറിയാവുന്ന യുവാക്കളെ അതിര്‍ത്തിയില്‍ നിയമിക്കാന്‍ ചൈന ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിയന്ത്രണരേഖയില്‍ പരിഭാഷകരായി ഹിന്ദി അറിയുന്ന ബിരുദധാരികളെ റിക്രൂട്ട് ചെയ്യാനാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഒരുങ്ങുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഹിന്ദി അറിയാവുന്നവരെ നിയമിക്കുന്നതിനായി പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥര്‍ ചൈനയിലെ വിവിധ സര്‍വ്വകലാശാലകളില്‍ സന്ദര്‍ശനം നടത്തിയെന്നാണ് വിവരം. ഈ വര്‍ഷം ജൂണില്‍ ടിബറ്റന്‍ മിലിട്ടറിയില്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് ആസൂത്രണം ചെയ്യുന്നുണ്ട്. വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡിന് കീഴിലാണ് റിക്രൂട്ട്മെന്റ്. ഇതിലേക്കാണ് ഹിന്ദി അറിയുന്ന യുവാക്കളെ തേടുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത മാസത്തോടെ നിയമന പ്രക്രിയ പൂര്‍ത്തിയാകും.
രഹസ്യാന്വേഷണ വിവരശേഖരണത്തിനും, വിവരങ്ങള്‍ ചോര്‍ത്തുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി അധികൃതര്‍ ചൈനീസ് സൈന്യത്തെ ഹിന്ദി പഠിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, അരുണാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിന്റെ ഉത്തരവാദിത്വം ടിബറ്റന്‍ മിലിട്ടറിക്കാണ്.
ഹിന്ദി സംസാരിക്കുന്ന ടിബറ്റുകാരെ ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തികളിലെ ക്യാമ്പുകളിലേക്ക് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സജീവമായി റിക്രൂട്ട് ചെയ്യുന്നുണ്ട്. ഹിന്ദി അറിയാവുന്ന യുവാക്കള്‍ക്കായി സൈന്യം ക്യാമ്പയില്‍ ചെയ്യുന്നതായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്റലിജന്‍സ് വിവരമുണ്ടായിരുന്നു.
Discussion about this post