ഡല്‍ഹി : ജാര്‍ഖണ്ഡിലെ സീനിയര്‍ ഐഎഎസ് ഓഫീസര്‍ പൂജ സിംഗാളിന്റേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും വീടുകളും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. നാല് സംസ്ഥാനങ്ങളിലെ 18 സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. സിംഗാളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന റാഞ്ചി ആസ്ഥാനമായുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടില്‍ നിന്ന് 18 കോടി രൂപയും ഏജന്‍സി കണ്ടെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു.
ജാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. പണത്തിന് പുറമെ നിരവധി രേഖകളും കണ്ടെടുത്തതായി ഇഡി അറിയിച്ചു. റാഞ്ചിയിലെ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും റെയ്ഡില്‍ ഉള്‍പ്പെടുന്നുവെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. പൂജ സിംഗാളിന്റെ അടുത്ത ബന്ധുവിന്റെതാണ് ഈ ആശുപത്രി. അഞ്ച് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ജാര്‍ഖണ്ഡ് സ്റ്റേറ്റ് മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ജെഎസ്എംഡിസി) ചെയര്‍മാനുമാണ് പൂജ സിംഗാള്‍. ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ 83 ഏക്കര്‍ഭൂമി അനധികൃത ഖനനത്തിനായി സ്വകാര്യ കമ്പനിയ്ക്ക് കൈമാറിയെന്നാണ് പൂജ സിംഗാളിനെതിരായ കേസ്.
2000 ബാച്ച് ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഓഫീസറായ സിംഗാള്‍. മുന്‍ ബിജെപി സര്‍ക്കാരിലെ കൃഷി സെക്രട്ടറി മുതല്‍ നിലവിലെ ജെഎംഎം നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ടൂറിസം, വ്യവസായ സെക്രട്ടറി വരെ നിരവധി ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അതേ സമയം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തനിക്ക് അനുകൂലമായി ഖനന പാട്ടത്തിനും ഭാര്യക്ക് ഭൂമിയും അനുവദിച്ചതിന് അഴിമതി ആരോപണം നേരിടുന്ന സമയത്താണ് ഈ റെയ്ഡുകള്‍. ഖനന പാട്ടവുമായി ബന്ധപ്പെട്ട് ഹേമന്ത് സോറന്റെ സഹോദരനും ദുംക എംഎല്‍എയുമായ ബസന്ത് സോറന് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. ആരോപണത്തില്‍ നിലപാട് ആരാഞ്ഞ് കമ്മീഷന് മുഖ്യമന്ത്രിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ റെയ്ഡുകളെ “ശൂന്യമായ ഭീഷണികള്‍” എന്ന് പറഞ്ഞ് മുഖ്യമന്ത്രി സോറന് തള്ളിക്കളഞ്ഞു. “രാഷ്ട്രീയ യുദ്ധക്കളത്തില്‍ ബിജെപിക്ക് നിങ്ങളെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍, അവര്‍ അവരുടെ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008-നും 2011-നും ഇടയില്‍ 18.06 കോടി രൂപയുടെ പൊതുപണം തിരിമറി നടത്തിയെന്നാരോപിച്ച് ജൂനിയര്‍ എന്‍ജിനീയര്‍ രാം ബിനോദ് പ്രസാദ് സിന്‍ഹയ്ക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ 2017-ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ്. തുടര്‍ന്ന് സിന്‍ഹയുടെ ഉടമസ്ഥതയിലുള്ള 4.8 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുകയും 2020 ല്‍ അദ്ദേഹത്തിനെതിരെ രണ്ട് പ്രോസിക്യൂഷന് കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.
Discussion about this post