ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ വകുപ്പ് സുപ്രീംകോടതി മരവിപ്പിച്ചു. രാജ്യദ്രോഹ നിയമമെന്ന് പൊതുവേ അറിയപ്പെടുന്ന ഈ വകുപ്പ് 1870-ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയതാണ്. കേന്ദ്ര സര്‍ക്കാര്‍ നിയമത്തിന്റെ പുന:പരിശോധന പൂര്‍ത്തിയാക്കുന്നത് വരെ 124എ വകുപ്പ് മരവിപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
പൊതുസമാധാനത്തെ ബാധിക്കുന്നതോ അക്രമത്തിലൂടെ ക്രമസമാധാനം തകര്‍ക്കുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍, എഴുത്തുകള്‍, മറ്റ് ആവിഷ്കാരങ്ങള്‍ എന്നിവയാണ് 124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹമാകുന്നത്. മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.
സുപ്രീംകോടതിയുടെ അഞ്ച് പ്രധാന നിര്‍ദേശങ്ങള്‍
124 എ വകുപ്പ് കാലാനുസൃതമല്ലെന്നും രാജ്യം കോളനിവാഴ്ചക്ക് കീഴിലായിരുന്ന കാലഘട്ടത്തിന് വേണ്ടിയുള്ളതായിരുന്നെന്നും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍, കേന്ദ്ര സര്‍ക്കാറിന് നിയമത്തിന്റെ കാര്യത്തില്‍ പുന:പരിശോധന നടത്താം.
പുന:പരിശോധന പൂര്‍ത്തിയാകുന്നത് വരെ 124 എ വകുപ്പ് മരവിപ്പിക്കുന്നു.
124എ വകുപ്പ് പ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയോ കേസുകളില്‍ അന്വേഷണം തുടരുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്യരുത്.
നിലവില്‍ വകുപ്പ് ചുമത്തി ജയിലിലുള്ളവര്‍ക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാം.
124എ വകുപ്പിന്റെ ദുരുപയോഗം തടയുന്നതിന് കേന്ദ്ര സര്‍ക്കാറിന് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാം.
Discussion about this post