മുംബൈ: ഒരു രാഷ്ട്രം ഒരു ഭാഷ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആശയത്തെ പിന്തുണച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. എല്ലാ സംസ്ഥാനങ്ങളിലും ഏക ഭാഷയെന്ന വെല്ലുവിളി ആഭ്യന്തര മന്ത്രി സ്വീകരിക്കണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷിന് പകരമായി ഹിന്ദിയെ സ്വീകരിക്കണമെന്ന് ഷാ പറഞ്ഞതിന് പിന്നാലെയാണ് ഈ ആശയത്തെ പിന്തുണച്ച് റാവത്ത് രംഗത്തെത്തിയിരിക്കുന്നത്.
സഭയില്‍ അവസരം ലഭിക്കുമ്പോഴെല്ലാം ഞാന്‍ ഹിന്ദിയിലാണ് സംസാരിക്കുന്നത്. അത് രാജ്യത്തിന്റെ ഭാഷയാണ്. രാജ്യത്ത് മുഴുവന്‍ സ്വീകാര്യതയുള്ളതും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നതും ഹിന്ദിയാണ്. ഏക ഭാഷ വിഷയത്തില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ പരാമര്‍ശത്തിന് മറുപടിയായി റാവത്ത് പറഞ്ഞു.
ഹിന്ദി പഠിച്ചാല്‍ ജോലി ലഭിക്കുമെന്ന ബി.ജെ.പി നേതാക്കളുടെ അവകാശവാദത്തെ പരിഹസിച്ച് കോയമ്പത്തൂരില്‍ ഹിന്ദി പഠിച്ചവരാണ് പാനിപൂരി വില്‍ക്കുന്നതെന്ന് മന്ത്രി പൊന്മുടി പറഞ്ഞിരുന്നു. എന്നാല്‍ ശിവസേന ഹിന്ദി ഭാഷയെ എന്നും ബഹുമാനിച്ചിട്ടേയുള്ളുവെന്ന് റാവത്ത് വ്യക്തമാക്കി. ഹിന്ദി സിനിമാ വ്യവസായം രാജ്യത്തും ലോകത്തും വളരെ സ്വാധീനമുള്ളതാണ്. അതിനാല്‍ ഒരു ഭാഷയെയും അപമാനിക്കരുത്. ഒരു രാജ്യം, ഒരു ഭരണഘടന എന്നിവ പോലെ ഒരു ഭാഷയെന്ന വെല്ലുവിളി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി തയ്യാറാകണം- റാവത്ത് പറഞ്ഞു.
Discussion about this post