ഡല്‍ഹി: ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടട്ടലിലെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. പ്രതികള്‍ പൊലീസിന്റെ പിസ്റ്റള്‍ തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ചെന്ന ഹൈദരാബാദ് പൊലീസിന്റെ വാദം തെറ്റെന്ന് സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വ്യാജ ഏറ്റുമുട്ടല്‍ നടത്തിയ പത്തു പൊലീസുകാരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യണമെന്ന് സമിതി ശുപാര്‍ശ ചെയ്തു.
രാജ്യത്തെ നടുക്കിയ ദിശ കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ 2019 ഡിസംബര്‍ ആറിനാണ് പൊലീസിന്റെ വെടിയേറ്റു മരിച്ചത്. പ്രതികള്‍ പൊലീസിന്റെ പിസ്റ്റള്‍ തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം. സ്വയം പ്രതിരോധിക്കുന്നതിനാണ് വെടിവച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇതു തെറ്റെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി.
കൊല്ലപ്പെട്ടവരില്‍ മൂന്നു പേര് പ്രായപൂര്‍ത്തി ആകാത്തവരാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ജോലു ശിവ, ജോലു നവീന്‍, ചിന്തകുണ്ട ചെന്നകേശവലു എന്നിവര്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. പത്തു പൊലീസുകാരാണ് വ്യാജ ഏറ്റുമുട്ടലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇവരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്ന സമിതി ശുപാര്‍ശ ചെയ്തു.
സമിതിയുടെ റിപ്പോര്‍ട്ട് തെലങ്കാന ഹൈക്കോടതിക്ക് അയയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. തെലങ്കാന ഹൈക്കോടതിയാണ് ഇതില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത്.
Discussion about this post