മുംബൈ: 34 വര്‍ഷമായി സേവനത്തിലുള്ള ഗോദാവരി ക്ലാസ് ഗൈഡഡ്-മിസൈല്‍ ഫ്രിഗേറ്റായ ഐ.എന്‍.എസ് ഗോമതി എന്ന യുദ്ധക്കപ്പലിനെ ഇന്ത്യന്‍ നാവികസേന ഡീകമ്മീഷന്‍ ചെയ്തു. ഓപ്പറേഷന്‍സ് കാക്ടസ്, പരാക്രം, റെയിന്‍ബോ എന്നിവയില്‍ വിന്യസിച്ചിരുന്ന കപ്പല്‍ നേവല്‍ ഡോക്ക്യാര്‍ഡില്‍ ശനിയാഴ്ച വൈകിട്ടോടെ ഡീകമ്മീഷന്‍ ചെയ്തതായി നാവികസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ലഖ്നോവിലെ ഗോമതി നദിയുടെ തീരത്ത് സ്ഥാപിക്കുന്ന ഓപ്പണ്‍ എയര്‍ മ്യൂസിയത്തില്‍ കപ്പലിന്റെ പൈതൃകം സൂക്ഷിക്കും. കപ്പലിലെ നിരവധി യുദ്ധ സംവിധാനങ്ങള്‍, സൈനിക, യുദ്ധ ഉപകരണങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാരും ഇന്ത്യന്‍ നാവികസേനയും ഇതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഗോമതി നദിയില്‍ നിന്നാണ് കപ്പലിന് ഐ.എന്‍.എസ് ഗോമതി എന്ന പേര് ലഭിച്ചത്. 1988 ഏപ്രില്‍ 16ന് അന്നത്തെ പ്രതിരോധ മന്ത്രി കെ.സി.പന്ത് ബോംബെയിലെ മസഗോണ്‍ ഡോക്ക് ലിമിറ്റഡില്‍ വെച്ചാണ് കപ്പല്‍ കമ്മീഷന് ചെയ്തത്. 2007-08 ലും 2019-20 ലും കപ്പലിന് രണ്ട് തവണ കൊവേറ്റഡ് യൂണിറ്റ് സിറ്റേഷന്‍ പുരസ്കാരവും ലഭിച്ചിരുന്നു
Discussion about this post