തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഇടയില്‍ മദ്യപിച്ചത്തിയ പ്രീസൈഡിങ് ഓഫീസര്‍ പിടിയില്‍. മരോട്ടിച്ചുവടിലെ സെന്റ് ജോര്‍ജ് സ്കൂളിലെ പ്രിസൈഡിങ് ഓഫിസര്‍ പി. വര്‍ഗീസിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് പകരം ബൂത്തില്‍ മറ്റൊരു പ്രിസൈഡിംഗ് ഓഫിസര്‍ക്ക് ചുമതല നല്കി.
ഓഫീസര്‍ മദ്യപിച്ചാണ് വന്നതെന്ന്് വോട്ട് ചെയ്യാന്‍ എത്തിയവര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് നടപടി. ഇയാളെ സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. വര്‍ഗീസിനെതിരെ നടപടിയെടുക്കും. വിഷയത്തില്‍ പൊലീസ് തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് കൈമാറും.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. രാവിലെ 9 മണി ആയപ്പോഴേക്കും പോളിങ് 13.1 ശതമാനത്തിലെത്തിയിരുന്നു. ഇപ്പോള്‍ 15 ശതമാനത്തിനടുത്താണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്ലൈന് ജംക്ഷനിലെ ബൂത്ത് 50ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140-ാം നമ്പര്‍ ബൂത്തിലും വോട്ടു രേഖപ്പെടുത്തി.
രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍. പി.ടി.തോമസ് എംഎല്‍എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണു തിരഞ്ഞെടുപ്പ്. ആകെയുള്ള 1,96,805 വോട്ടര്‍മാരില്‍ 1,01,530 പേര് വനിതകളാണ്. ഒരു ട്രാന്‍സ്ജെന്‍ഡറുമുണ്ട്.
പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂണ്‍ 3നു രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുക. 6 തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടും മണ്ഡലത്തിലുണ്ട്.
Discussion about this post