വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച മദ്രസ അധ്യാപകനെതിരെ ജാമ്യമില്ലാ കേസ്. പള്ളി ദറസ് വിദ്യാര്‍ത്ഥിയായ കുട്ടി കയ്യില്‍ വെള്ളിയുടെ ബ്രേസ് ലെറ്റ് ധരിച്ച് ക്ലാസിലെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്.
എരുമപ്പെട്ടി പഴവൂരില്‍ പതിനാലുകാരനായ കുട്ടിയാണ് മര്‍ദ്ദനത്തിനിരയായത്. മദ്രസ അധ്യാപകന് വന്ദേരി ഐരൂര്‍ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പള്ളി ദറസ് വിദ്യാര്‍ത്ഥിയായ കുട്ടി വെള്ളിയുടെ ബ്രേസ്ലെറ്റ് കയ്യില്‍ ധരിച്ചെത്തിയത് അധ്യാപകന് ചോദ്യം ചെയ്തു. തന്റെ പിതാവ് പറഞ്ഞതനുസരിച്ചാണ് ബ്രേസ്ലെറ്റ് ധരിച്ചതെന്ന് കുട്ടി അധ്യാപകനെ അറിയിച്ചു. ഇതേ തുടര്‍ന്ന് അധ്യാപകന് കുട്ടിയെ കഴുത്തില്‍ കുത്തിപ്പിടിച്ച് വടി ഉപയോഗിച്ച് ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനാക്കുകയായിരുന്നു.
ശരീരമാസകലം അടിയേറ്റ് പരിക്ക് പറ്റിയ കുട്ടിയെ ആദ്യം വടക്കാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.
Discussion about this post