ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിധ്യം. അര്‍ണിയ സെക്ടറിലാണ് ഡ്രോണ്‍ കണ്ടത്. അതിര്‍ത്തി രക്ഷ സേന വെടിവച്ചതോടെ ഡ്രോണ്‍ പാക് മേഖലയിലേക്ക് തിരികെ പോയി. ആയുധക്കടത്തിന് വേണ്ടിയാവും ഡ്രോണ്‍ അതിര്‍ത്തി കടന്നെത്തിയെന്നതാണ് സംശയം. നേരത്തെ സ്ഫോടക വസ്തുക്കള്‍ ടിഫിന്‍ ബോക്സിലാക്കി ഡ്രോണ്‍ ഉപയോഗിച്ച് അതിര്‍ത്തി കടത്താനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു.
കുട്ടികള്‍ ഉപയോഗിക്കുന്ന മൂന്ന് ടിഫിന്‍ ബോക്സിലാക്കി ടൈം ബോംബുകള്‍ അതിര്‍ത്തി കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തകര്‍ത്തത്. നേരത്തെ ചൊവ്വാഴ്ച രാത്രി ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖക്കടുത്തെ കനാചക് മേഖലയിലാണ് രണ്ടു തവണയായി ഡ്രോണ്‍ സാന്നിധ്യം കണ്ടത്. ദായരന്‍ മേഖലയില്‍ ഡ്രോണില്‍ ഘടിപ്പിച്ച സ്ഫോടക വസ്തുക്കള്‍ ബിഎസ്എഫ് വെടിവെച്ചിട്ടു.
പക്ഷേ ഡ്രോണ്‍ തകര്‍ക്കാനായില്ല. പരിശോധനയില്‍ മൂന്ന് ചെറിയ ടിഫിന്‍ ബോക്സുകളിലാക്കിയ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. വിവിധ സമയങ്ങളിലായി സ്ഫോടനം നടത്താനുള്ള ടൈമറുകളും ഘടിപ്പിച്ചിരുന്നു. നിയന്ത്രിത സ്ഫോടനത്തിലൂടെ ഇവയെല്ലാം നശിപ്പിച്ചെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Discussion about this post