മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗൂഢാലോചന കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സ്വപ്ന സുരേഷ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഹര്‍ജി നല്‍കാനാണ് തീരുമാനം. സ്വര്‍ണക്കത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെ ടി ജലീല്‍ നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ പി സി ജോര്‍ജ്ജും കോടതിയെ സമീപിക്കും.
കോടതിക്ക് നല്കിയ രഹസ്യമൊഴിയിലെ കാര്യങ്ങളാണ് വെളിപ്പെടുത്തിയത്. ഇത് ഗൂഢാലോചനയുടെ പരിധിയില്‍ വരില്ലെന്നുമാണ് സ്വപ്ന പറയുന്നത്. പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലാ കോടതി മുമ്പാകെ സെക്ഷന്‍ 164 പ്രകാരം മൊഴി നല്കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യാവശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന് കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോണ്‍സുലേറ്റിലുണ്ടായിരുന്ന തന്നെ വിളിച്ചെന്നും അതില്‍ മുഴുവന്‍ കറന്‍സിയായിരുന്നെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.
ഗൂഢാലോചന കേസിനെ തുടര്‍ന്ന് സ്വപ്നയും സരിത്തും നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അറസ്റ്റിന് സാധ്യതയില്ലെന്ന പ്രോസിക്യൂഷന് വാദത്തെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. അതേസമയം മുഖ്യമന്ത്രിക്ക് എതിരെ നല്കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷിന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ ശബ്ദരേഖ ഇന്ന് പുറത്ത് വിടും. സ്വപ്നയും ഷാജ് കിരണും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വിടുക. പാലക്കാട് വെച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശബ്ദരേഖ പുറത്ത് വിടുമെന്ന് സ്വപ്നയുടെ അഭിഭാഷകന് അറിയിച്ചു.
മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ് ആരോപിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയെ പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനാണു ഷാജ് കിരണ്‍ എത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ എം.ആര്.അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നുമാണ് സ്വപ്നയുടെ ആരോപണം.
Discussion about this post