ഡല്‍ഹി: ആഗോള തലത്തില്‍ വ്യോമ രംഗത്ത് കൂടുതല്‍ കരുത്തരാകാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി വീണ്ടും വന്‍ യുദ്ധവിമാന ഇടപാടിനാണ് വഴിയൊരുങ്ങുന്നു. 114 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനാണ് ഇന്ത്യന്‍ വ്യോമസേന തയ്യാറെടുക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇവയില്‍ 96 എണ്ണം നിര്‍മ്മിക്കുന്നത് ഇന്ത്യയിലാണ്. 18 വിമാനങ്ങള്‍ വിദേശത്തുനിന്നു വാങ്ങാനും തീരുമാനമായി. ‘ബൈ ഗ്ലോബല്‍ ആന്‍ഡ് മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് ഇവ സ്വന്തമാക്കുന്നത്. യുദ്ധവിമാനങ്ങളുടെ തുക പകുതി ഇന്ത്യന്‍ കറന്‍സിയിലും ബാക്കി വിദേശ കറന്‍സിയിലുമാകും നല്‍കുക.
60 യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കും. ഇവയ്ക്ക് ഇന്ത്യന്‍ കറന്‍സിയില്‍ മാത്രമാവും പണം ചെലവിടുക. ഇതുവഴി പദ്ധതിയില്‍ 60 ശതമാനം മെയ്ക് ഇന്‍ ഇന്ത്യ എന്ന ആശയം ഉറപ്പു വരുത്താനാകുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതീക്ഷ.
അടുത്തിടെ വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്റ്റിന്റെ 2022 ലെ ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ വ്യോമസേന ചൈനീസ് വ്യോമസേനയെ മറികടന്ന് മുന്നിലെത്തിയിരുന്നു. അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വ്യോമസേനയായി ഇന്ത്യന്‍ വ്യോമസേന ഉയര്‍ന്നു. ചൈനീസ് വ്യോമസേനയെ മാത്രമല്ല ജപ്പാന് എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ്, ഇസ്രയേലി എയര്‍ഫോഴ്സ്, ഫ്രഞ്ച് എയര്‍ ആന്‍ഡ് സ്പേസ് ഫോഴ്സ് എന്നിവയെയും ഇന്ത്യന്‍ വ്യോമസേന പിന്തള്ളിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
Discussion about this post