വയനാട്ടില്‍ രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവം ജനാധിപത്യത്തിന് നിരക്കാത്ത പരിപാടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തല്ല. ജനാധിപത്യമര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഇത്ജനാധിപത്യത്തിന് ചേര്‍ന്ന മാതൃകയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഓരോ രാഷ്ട്രീയകക്ഷികളും പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രണം വരുത്തണം. മറ്റാര്‍ക്കും ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ല. എം പി എന്ന നിലയില്‍ രാഹുലിന് പരാജയങ്ങളുണ്ടാകും. എംപി എന്ന നിലയില്‍ ഒരു ദേശീയ നേതാവിനെ വിജയിപ്പിച്ചാല്‍ സാധാരണ ആളിനെപ്പോലെ എപ്പോഴും അവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് വോട്ടു ചെയ്തപ്പോള്‍ ഓര്‍ക്കണമായിരുന്നുവെന്നും കാനം പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുമായി ഈ സംഭവത്തെ ബന്ധിപ്പിക്കേണ്ട കാര്യമില്ല. രാഹുല്‍ഗാന്ധിയുടെ കയ്യിലിരിപ്പാണ് ഇ ഡിയുടെ കേസിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും രൂക്ഷമായി വിമര്‍ശിച്ചു. കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിപ്പോള്‍ സംഭവിച്ചത്. രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം മുന്നണിക്ക് തന്നെ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ട രീതിയില്‍ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ അത് ഇടതു മുന്നണിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എംപി ഓഫീസ് ആക്രമണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post