ഡല്‍ഹി: പ്രശസ്ത ഒഡിയ നടന് റായിമോഹന്‍ പരീദ(58)യെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബാംഗങ്ങളാണ് റായിമോഹനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഭുവനേശ്വറിലെ പ്രാചി വിഹാറിലെ വസതിയില്‍ വെള്ളിയാഴ്ചയാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് നിഗമനമെന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു.
വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് റായിമോഹന്‍. നൂറിലേറെ ഒഡിയ ചിത്രങ്ങളിലും 15 ബംഗാളി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘രാമ ലക്ഷ്മണ്, നാഗ പഞ്ചമി, രണ ഭൂമി, സിംഘ ബാഹിനി, ആസിബു കെബേ സാജി മോ റാണി, ഉഡാന്തി സീത’ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഭാര്യയും രണ്ട് മക്കളുമുണ്ട്. മരണകാരണം അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രതീക് സിങ് അറിയിച്ചു.
Discussion about this post