ഡല്‍ഹി: ത്രിപുരയിലെ ബര്‍ദോളിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മാണിക് സാഹക്ക് ജയം. 17,181 വോട്ടുകള്‍ നേടിയ മാണിക് സാഹ 6000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മാണിക് സാഹക്ക് വിജയം അത്യാവശ്യമായിരുന്നു.
മറ്റ് മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും ഏഴ് നിയമസഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളിലേക്കും ഡല്ഹിയിലേക്കുമായാണ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്. ജൂണ്‍ 23ന് വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു.
ഉത്തര്‍ പ്രദേശ് റാപുരില് ബി.ജെ.പി സ്ഥാനാര്‍ഥി ഘനശ്യാം ലോധി 1000 വോട്ടുകളുടെ ലീഡില്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ഥി ദിനേശ് ലാല്‍ യാദവ് നിരാഹുവ അസംഗഢിലും മുന്നേറുന്നു. ഇവിടെ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ധര്‍മേന്ദ്ര യാദവുമായി നേരിയ വ്യത്യാസത്തിലാണ് ദിനേശ് ലാല്‍ മുന്നിട്ടു നില്‍ക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രാജിവെച്ച സംഗ്രൂര്‍ ലോക്സഭാ സീറ്റില്‍ അകാലിദളില്‍ നിന്ന് പിളര്‍ന്ന ഗ്രൂപ്പാണ് മുന്നിട്ടു നില്‍ക്കുന്നത്. ത്രിപുരയില്‍ മൂന്നിടത്താണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അഗര്‍ത്തല, ജുബരാജ് നഗര്‍, സുര്‍മ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡല്‍ഹിയിലെ രജീന്ദര്‍ നഗറില്‍ ആം ആദ്മി പാര്‍ട്ടിയുടെ ദുര്ഗെഷ് പതക് മുന്നിട്ടു നില്‍ക്കുന്നുണ്ട്. ഝാര്‍ഖണ്ഡിലെ മന്ദര്‍, ആന്ധ്രയിലെ അത്മകുരു എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.
Discussion about this post