ഹൈദരാബാദ്: മഹാരാഷ്ട്രയില്‍ അടുത്തിടെയുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ തെലങ്കാനയിലും ആവര്‍ത്തിക്കുമെന്ന് ബിജെപി എംപി കെ ലക്ഷ്മണ്. മഹാരാഷ്ട്രയില്‍ ശിവസേന നേരിട്ട പ്രതിസന്ധി തെലങ്കാന രാഷ്ട്രീയ സമിതിയും നേരിടേണ്ടി വരുമെന്നാണ് എംപി പറയുന്നത്. ബിജെപി ദേശീയ എക്സിക്യൂട്ടീവ് കഴിയുന്നതോടെ തെലങ്കാനയിലെ രാഷ്ട്രീയ സാഹചര്യം അപ്പാടെ മാറുമെന്നും ഒരു പൊതുവേദിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ശിവസേന പോലെ കുടുംബവാഴ്ചയാണ് ടിആര്എസിലുമെന്നും ലക്ഷ്മണ് ആരോപിച്ചു. അവരുടെ പതനം ആരംഭിച്ചു, മോദിയും അമിത്ഷായും നദ്ദയും തെലങ്കാനയിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തെലങ്കാനയില്‍ രാമരാജ്യമുണ്ടാകും. അടുത്ത തെരഞ്ഞെടുപ്പില്‍ ടിആര്‍എസും, കോണ്‍ഗ്രസും കൈകോര്‍ക്കുമെന്നും ബിജെപി എംപി ആരോപിച്ചു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് ടിആര്‍എസ് പിന്തുണ നല്‍കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു.
Discussion about this post