അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴയാണ് സംസ്ഥാനത്ത് പെയ്തത്.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 61 പേര് മരിച്ചു. മഴയ്ക്ക് പിന്നാലെ ഗുജറാത്തിലെ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ആളുകളെ രക്ഷിക്കാന്‍ എന്‍.ഡി.ആര്.എഫ് സംഘങ്ങള്‍ രംഗത്തുണ്ട്. ആറായിരത്തിലധികം ആളുകളെ ഇതുവരെ ഒഴിപ്പിച്ചു. കൂടുതല്‍ പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
അടുത്ത 24 മണിക്കൂറിനുള്ളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. വ്യാപകമായ മഴയെ തുടര്‍ന്ന് സംസ്ഥാന പാതകളും പഞ്ചായത്ത് റോഡുകളും ഉള്‍പ്പെടെ 388 റോഡുകള്‍ അടച്ചിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പതിമൂന്ന് അണക്കെട്ടുകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും എട്ടെണ്ണത്തില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ചില പ്രദേശങ്ങളില്‍ കെട്ടിടങ്ങളുടെ താഴത്തെ നിലകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ഞായറാഴ്ച രാത്രി നിരവധി ആളുകള്‍ ടെറസിന് മുകളിലാണ് അഭയം തേടിയത്. ഇന്ന് നഗരത്തിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരുന്നു.
അതേസമയം, പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഗുജറാത്തിന് സഹായം വാഗ്ദ്ധാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ച് സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തി. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്കി.
Discussion about this post