ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കെസിബിസി രംഗത്ത്. വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തിലെ ആത്മാര്‍ത്ഥത സംശയാസ്പദമാണെന്ന് കെസിബിസി കുറ്റപ്പെടുത്തി. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ എക്കോ സെന്സിറ്റിവ് സോണ്‍ ആകാമെന്ന തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സുപ്രീം കോടതി വിധിയില്‍ അപ്പീല്‍ നല്കാന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം.
ഇപ്പോഴുള്ള വനാതിര്‍ത്തികള്‍ ബഫര്‍സോണിന്റെ അതിര്‍ത്തിയായി പുനര്‍നിര്‍ണ്ണയിച്ച്, വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികളും സര്‍ക്കാര്‍ എടുക്കണം. കടുത്ത ആശങ്കയില്‍ അകപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന തീരുമാനങ്ങളും നയങ്ങളും വ്യക്തതയോടെ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കെസിബിസി അഭിപ്രായപ്പെട്ടു.
വന്യജീവി സാങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് കെ സി ബി സി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് ആശങ്കജനകമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ കോടതിയില്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഉത്തരവ് നടപ്പിലാക്കി തുടങ്ങുന്നതോടെ കര്‍ഷകര്‍ കുടിയിറങ്ങാന്‍ നിര്‍ബന്ധിതരാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുടെ പക്ഷത്തു നിന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
Discussion about this post