ഡല്‍ഹി: പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതങ്ങനെ തന്നെ തുടരുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കാര്‍ഗില്‍ യുദ്ധത്തിലെ വിജയത്തെ അനുസ്മരിച്ച് ജമ്മുവില്‍ നടന്ന ‘കാര്‍ഗില്‍ വിജയ് ദിവസ്’ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധിനിവേശ കശ്മീര്‍ സംബന്ധിച്ച് പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തോട് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
‘പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതങ്ങനെ തന്നെ തുടരുകയും ചെയ്യും. എങ്ങനെയാണ് ശിവ സ്വരൂപമായ ബാബാ അമര്‍നാഥ് നമുക്കൊപ്പം ഇന്ത്യയിലും ശക്തി സ്വരൂപമായ മാതാ ശാരദാ ദേവി നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുമാകുന്നത്?’ രാജ്നാഥ് സിങ് പറഞ്ഞു. ജമ്മു കശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തെയും പാക് അധിനിവേശ കശ്മീരിലെ ശാരദാ പീഠത്തേയും സൂചിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രണ്ട് പതിറ്റാണ്ടിലേറെയായി ആയിരം മുറിവുകളാല്‍ ഇന്ത്യയില്‍ രക്തം വീഴ്ത്താന്‍ ശ്രമിക്കുകയാണ് പാകിസ്താന്. എന്നാല്‍ രാജ്യത്തിന്റെ ഒരുമയും ആര്‍ജവവും പരമാധികാരവും തകര്‍ക്കാന്‍ അധിനിവേശ ശക്തികള്‍ക്ക് കഴിയില്ലെന്ന് നമ്മുടെ ധീര യോദ്ധാക്കള്‍ അന്നും ഇന്നും തെളിയിക്കുന്നു. പാകിസ്ഥാനുമായി സൗഹൃദപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്തുകൊണ്ടാണവര് ഇതിനു വിരുദ്ധമായി പെരുമാറുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. കാര്‍ഗില്‍ യുദ്ധത്തിനിടെ പാകിസ്ഥാന് സൈനികര്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയിരുന്നു. പക്ഷേ ഇന്ത്യന്‍ സൈനികര്‍ തിരികെ ആക്രമിച്ചപ്പോള്‍ പാകിസ്ഥാന് ഇന്ത്യയില്‍ നിന്ന് പോകേണ്ടതായി വന്നു. 1962-ല്‍ ചൈന ലഡാക്കിലെ നമ്മുടെ പ്രദേശങ്ങള്‍ പിടിച്ചെടുത്തതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് നമ്മുടെ രാജ്യം ലോകത്തെ ശക്തമായ രാജ്യങ്ങളിലൊന്നാണ്. ദുഷ്ടലാക്കോടെ നോക്കുന്ന ഏതൊരു ശക്തിക്കും തക്കതായ മറുപടി നല്കാന് ശക്തവും ആത്മവിശ്വാസവുമുള്ളതാണ് പുതിയ ഇന്ത്യ’ രാജ്നാഥ് സിങ് പറഞ്ഞു.
Discussion about this post