ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലേക്ക്. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് തിരിച്ചത്. അൽപസമയത്തിനകം ഇഡിക്ക് മുന്നിൽ വീണ്ടും ഹാജരാകും.
നാഷണൽ ഹെറാൾഡ് കേസില്‍ കഴിഞ്ഞയാഴ്ച സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അനാരോഗ്യം പരിഗണിച്ച് രണ്ട് മണിക്കൂര്‍ നേരം മാത്രമാണ് സോണിയയെ ചോദ്യം ചെയ്തത്. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ചൊവ്വാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്.
അതേസമയം, ഇഡി ചോദ്യം ചെയ്യലിനെതിരെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു നേരത്തെ കോൺഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന് ഡൽഹി പൊലീസ് അനുമതി നൽകിയില്ല. തുടര്‍ന്ന് പ്രതിഷേധം എഐസിസി ആസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.
ഇഡിക്കെതിരെ സംസ്ഥാനത്ത് പലയിടത്തും കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. കോട്ടയത്തും കണ്ണൂരും കാസര്‍കോടും തിരുവല്ലയിലും തൃശൂരിലും ട്രെയിൻ തടഞ്ഞു. തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ ഗുരുവായൂർ എക്സ്പ്രസിന് തടഞ്ഞാണ് പ്രതിഷേധിക്കുന്നത്. പൊലീസെത്തി പ്രതിഷേധിച്ചവരെ നീക്കി. കണ്ണൂരിൽ പ്രവര്‍ത്തകര്‍ പാളത്തിൽ ഇറങ്ങി ഇൻറർ സിറ്റി എക്സ്പ്രസ് അഞ്ച് മിനിറ്റോളം തടഞ്ഞിട്ടു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരത്തേക്ക് പോകുന്ന ജനശതാബ്ദി തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Discussion about this post