ഗുജറാത്ത് ;ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രാചാരണങ്ങൾക്ക് ആവേശം വിതച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ ഈ ഗുജറാത്ത് ഞങ്ങളാണ് നിർമ്മിച്ചത് ‘ എന്ന പുതിയ മുദ്രാവാക്യവുമായാണ് നരേന്ദ്രമോദി പ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. ഗുജറാത്തിലെ കപ്രദയിലെ ആദിവാസി മേഖലയിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചത്.
ഭാരതീയ ജനതാ പാർട്ടിയെ തിരഞ്ഞെടുക്കാൻ ഗുജറാത്തിലെ ജനങ്ങൾ ഒരിക്കൽ കൂടി തീരുമാനമെടുത്തിരിക്കുന്നു. മുൻകാല റെക്കോർഡുകളെല്ലാം തകർത്ത് ബിജെപിയെ അവർ വീണ്ടും അധികാരത്തിലെത്തിക്കും. ‘ആ ഗുജറാത്ത് മേ ബനവ്യു ചേ’ (ഞങ്ങൾ ഇവിടെ ഗുജറാത്താക്കി) എന്ന പുതിയ മുദ്രാവാക്യവും പ്രചാരണത്തിൽ അദ്ദേഹം ഉയർത്തിക്കാട്ടി.
ഗുജറാത്തിൽ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക.ഡിസംബർ 1, 5 തീയതികളിൽ ആണ് തിരഞ്ഞെടുപ്പ്. ഡിസംബർ 8 ന് വോട്ടെണ്ണും. കഴിഞ്ഞ 27 വർഷമായി ഗുജറാത്തിൽ ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. രാജ്യത്ത്, അല്ലെങ്കിൽ ലോകത്ത് തന്നെ ഒരു രാഷ്ട്രീയ പാർട്ടി ഇത്രയും കാലം ജനങ്ങളെ സേവിക്കുന്നത്, ഇത് വളരെ അപൂർവമായി മാത്രമേ സംഭവിക്കൂ എന്നും മോദി കൂട്ടിച്ചേർത്തു.
“എന്റെ എബിസിഡി ആരംഭിക്കുന്നത് എ ഫോർ ആദിവാസിയിൽ നിന്നാണ്. എന്റെ ആദിവാസി സഹോദരങ്ങളുടെ അനുഗ്രഹം വാങ്ങിയാണ് ഞാൻ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ബി.ജെ.പിയെ തെരഞ്ഞെടുക്കാൻ ഗുജറാത്തിലെ ജനങ്ങൾ ഒരിക്കൽ കൂടി മനസ്സുവെച്ചിരിക്കുകയാണ്. എന്നുമാത്രമല്ല, മുൻകാല റെക്കോർഡുകളെല്ലാം തകർക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്,” റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
‘ ഡൽഹിയിൽ ഇരിക്കുമ്പോൾ, ഗുജറാത്തിൽ ഇത്തവണ ബി.ജെ.പി വൻ റെക്കോർഡോടുകൂടി വിജയിക്കുമെന്ന സൂചനയാണ് എനിക്ക് ലഭിക്കുന്നത്. എനിക്ക് കിട്ടിയ വോട്ടിംഗ് ഭൂരിപക്ഷത്തിൻറെ റെക്കോർഡും ഇത്തവണ തകർക്കും. ഭൂപേന്ദ്രയുടെ (പട്ടേലിന്റെ) റെക്കോർഡ് എന്റേതിനേക്കാൾ ഉയരണം. അതിനായി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാനും തയ്യാറാണ് മോദി പറഞ്ഞു.
2002ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ,182ൽ 127 സീറ്റുകളും നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. അത് സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു. എൺപതുകളുടെ മധ്യത്തിൽ മാധവ്സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 149 സീറ്റുകളാണ് സംസ്ഥാനത്തെ സർവകാല റെക്കോർഡ്.
2017ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 182ൽ 99 സീറ്റുകളിൽ ബിജെപിയും 77 സീറ്റുകൾ കോൺഗ്രസും നേടിയിരുന്നു.എന്നാൽ 14 കോൺഗ്രസ് എംഎൽഎമാർ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നതോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ ബിജെപിയ്ക്ക് 111 എംഎൽഎ മാരാണുള്ളത്.
“വർഗീയ കലാപങ്ങൾ ഉണ്ടായി, പ്രകൃതി ദുരന്തമുണ്ടായി. സംസ്ഥാനമൊട്ടാകെ നിശ്ചലമായ കാലങ്ങളായിരുന്നു അത്. എല്ലാം ഒരുമിച്ച് ദിവസങ്ങളോളം നിലച്ചുപോയി. ആളുകൾക്ക് അവരുടെ ബിസിനസ്സ് ദിവസങ്ങളോളം അടച്ചിടേണ്ടിവന്നു. എന്നാൽ ഗുജറാത്തിലെ ജനങ്ങൾ ഒത്തുചേർന്ന് ഈ സംസ്ഥാനത്തെ ഇന്നത്തെ നിലയിൽ എത്തിച്ചു. ഗുജറാത്ത് ഇന്ന് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, എല്ലാവർക്കും ധാരാളം തൊഴിൽ അവസരങ്ങളുണ്ട്.
നിങ്ങൾ ഉള്ളിലേക്ക് നോക്കിയാൽ, ഉള്ളിൽ നിന്ന് ഒരു ശബ്ദം പ്രതിധ്വനിക്കും, അത് ‘ആ ഗുജറാത്ത് മേ ബനവ്യു ചേ’. നിങ്ങൾ എല്ലാവരും കൈകൾ ഉയർത്തി ഇത് പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” മുദ്രാവാക്യം ഉച്ചത്തിൽ വിളിക്കാൻ ജനക്കൂട്ടത്തോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രണ്ട് പതിറ്റാണ്ടിനിടെ ഗുജറാത്തിന്റെ വിധി നമ്മൾ മാറ്റിമറിച്ചു. ഗുജറാത്ത് വീണ്ടും നിലകൊള്ളാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്ന് ലോകം കരുതിയപ്പോൾ ഗുജറാത്തിലെ ജനങ്ങൾ ഗുജറാത്തിനെ വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
വിദ്വേഷം പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീർത്തിപ്പെടുത്തുകയും ചെയ്ത ശക്തികളെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കും. കോൺഗ്രസിന്റെ വിഭജന രാഷ്ട്രീയം കാരണം പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല. രണ്ട് പതിറ്റാണ്ടിലേറെ മുമ്പ് ഗുജറാത്തിൽ ദരിദ്ര്യമായിരുന്നു കാണാൻ കഴിഞ്ഞത്. യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ കുറവായിരുന്നു, എന്നാൽ ഈ രണ്ട് ദശകങ്ങളിൽ അതെല്ലാം പൂർണ്ണമായും മാറിയെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഗുജറാത്ത് ഇന്ന് അതിവേഗം വികസിക്കുകയാണെന്നും എല്ലാവർക്കും ധാരാളം അവസരങ്ങൾ ഉണ്ടെന്നും ഈ വികസനം തുടരാൻ ജനങ്ങൾ ബിജെപിയെ പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു. ഒരു വിഭാഗം ആളുകൾ ഇവിടെ കുടുംബ വാഴ്ചയെ പ്രോത്സാഹിപ്പിക്കുകയാണ്. ആ സമയത്ത് എനറെ പാർട്ടി പുതിയ മുഖങ്ങളെ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ പോരാടുന്നത് നരേന്ദ്രനോ ഭൂപേന്ദ്രനോ അല്ല, ഗുജറാത്തിലെ ജനങ്ങൾ ആണ് ഈ തെരഞ്ഞെടുപ്പിൽ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ പെൺകുട്ടികൾക്കിടയിലെ വിദ്യാഭ്യാസ നിരക്ക് കൂടി. നേരത്തെ സ്കൂളുകളിൽ നിന്ന് പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് വളരെ കൂടുതലായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
“പല പെൺകുട്ടികളും നേരത്തെ സ്കൂളിൽ നിന്ന് കൊഴിഞ്ഞു പോയിരുന്നു. ഞങ്ങൾ ഗ്രാമങ്ങൾതോറും സന്ദർശനം നടത്തുകയും പെൺമക്കളെ സ്കൂളിൽ അയയ്ക്കാൻ രക്ഷിതാക്കളോട് അപേക്ഷിക്കുകയും ചെയ്തു. അതിൻറെ ഫലമായി പെൺകുട്ടികളുടെ സ്കൂൾ കൊഴിഞ്ഞുപോക്കിൻറെ അനുപാതം കുറഞ്ഞു. അവർ വിവിധ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നേടി ശാക്തീകരണം തുടരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഭാവ്നഗറിൽ നടന്ന ‘പാപാ നി പരി ലഗ്നോത്സവ് 2022’ എന്ന പേരിൽ നടന്ന സമൂഹവിവാഹത്തിലും പ്രധാനമന്ത്രി മുഖ്യാതിഥി ആയിരുന്നു. 500 ലധികം അനാഥരായ പെൺകൂട്ടികളാണ് ചടങ്ങിൽ വിവാഹിതരായത്.
Discussion about this post