കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളെജ് വനിത ഹോസ്റ്റിലിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനാണെന്നും എത്രകാലം പെണ്‍കുട്ടികളെ ഇങ്ങനെ പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. പ്രശ്നക്കാരായ പുരുഷന്മാരെയാണ് പൂട്ടിയിടേണ്ടതെന്നും കോടതി നിരീക്ഷിച്ചു. മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന സര്‍ക്കാര്‍ വാദം കോടതി മുഖവിലക്കെടുത്തില്ല.
രാത്രികാല നിയന്ത്രണത്തിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥിനികള്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി, ഹോസ്റ്റലുകളിലെ ആണ്-പെണ് വേര്‍തിരിവുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മുമ്പ് ഈ കേസ് പരിഗണിച്ചപ്പോള്‍ വനിത ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ക്കുള്ള കാരണം വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാതാപിതാക്കളുടെ ആവശ്യപ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഹോസ്റ്റലില്‍ ഉള്ളതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഹോസ്റ്റലുകള്‍ ഇവിടെയുണ്ടല്ലോ എന്നും അവര്‍ക്കും മാതാപിതാക്കള്‍ ഇല്ലേ എന്നും സര്‍ക്കാരിനോട് ചോദിച്ചു.
രാത്രി 9.30ന് മുമ്പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ എത്തിയിരിക്കണമെന്ന നിയമത്തിനെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിച്ചത്. ഇത്തരം നിയമങ്ങള്‍ പുരോമന സമൂഹത്തിന് ചേരുന്നതല്ലെന്നും ആണ് മേല്‍ക്കോയ്മയുടെ ഭാഗമാണെന്നും നേരത്തെ ഇതേ ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞിരുന്നു.
Discussion about this post