ഇന്റര്‍നെറ്റ് സമത്വം അഥവാ നെറ്റ് ന്യൂട്രാലിറ്റി സംരക്ഷിക്കാനുദ്ദേശിച്ച് കൊണ്ടുവന്ന നിയമഭേദഗതികളെ അസാധുവാക്കിക്കൊണ്ട്, യൂറോപ്യന്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച വോട്ട് രേഖപ്പെടുത്തി. നെറ്റ് സമത്വമെന്ന ആശയത്തിനും അത് സംരക്ഷിക്കാനുള്ള അവകാശ പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ക്കും തിരിച്ചടിയാകുന്നതാണ് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ നടപടിയെന്നാണ് വിലയിരുത്തല്‍.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ട്രാഫിക് കൈകാര്യം ചെയ്യുന്നത് എങ്ങനെ വേണമെന്ന നിബന്ധനകള്‍ക്ക് കൊണ്ടുവന്ന ഭേദഗതികള്‍ മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളും തള്ളി. യൂറോപ്യന്‍ യൂണിയനില്‍ നിലവിലുള്ള നിയമത്തില്‍ നെറ്റ് സമത്വം സംരക്ഷിക്കാനുള്ള വകുപ്പുകള്‍ ദുര്‍ബലമാണെന്ന് അവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക്, ഇന്റര്‍നെറ്റ് ഉള്ളടക്കം നല്കുന്ന കമ്പനികളുമായി ധാരണയുണ്ടാക്കി അവരുടെ സര്‍വീസിന് പ്രാമുഖ്യം നേടാന്‍ സാധിക്കും.
‘സീറോ റേറ്റിങ്’ കരാറുകള്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ചില കമ്പനികളുടെ സൈറ്റുകള്‍ ഡേറ്റാ പ്ലാനുകള്‍ക്ക് വെളിയില്‍ സൗജന്യമായി ലഭ്യമാക്കാനുള്ള ഏര്‍പ്പാടാണിത്. ഇത് നെറ്റ് സമത്വത്തിന് എതിരാണ്.
നെറ്റ് സമത്വത്തിന് വേണ്ടിയുള്ള ക്യാമ്പയിന് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ശക്തിപ്പെടുന്നതിനിടെയാണ്, യൂറോപ്യന്‍ യൂണിയനില്‍ നെറ്റ് സമത്വത്തിന് പ്രഹരമേറ്റിരിക്കുന്നത്. നെറ്റ് സമത്വത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ മാത്രമല്ല, വേള്‍ഡ് വൈഡ് വെബ്ബിന്റെ ( WWW ) ഉപഞ്ജാതാവ് ടിം ബേണേഴ്സ് ലീ വരെ, നെറ്റ് സമത്വം ഉറപ്പാക്കാനുള്ള ഭേദഗതികളെ പിന്തുണച്ചിരുന്നു.
എല്ലാ ഡേറ്റയ്ക്കും തുല്യപരിഗണന എന്നതാണ് ‘ഇന്റര്‍നെറ്റ് സമത്വത്തി’ന്റെ അടിസ്ഥാന സങ്കല്‍പ്പം. ഇതുപ്രകാരം ഇന്റര്‍നെറ്റ് ട്രാഫിക് ഏതെങ്കിലും വിധത്തില്‍ നിയന്ത്രിക്കാന്‍ പാടില്ല. എന്നാല്‍, യൂറോപ്യന്‍ പാര്‍ലമെന്റിന്റെ നയപടിയോടെ ഇനി ഇന്റര്‍നെറ്റ് ട്രാഫിക്കില്‍ നിയന്ത്രണങ്ങള്‍ സാധ്യമാകും.
Discussion about this post