ന്യൂഡൽഹി: 74ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ശ്രദ്ധേയമായി ഈജിപ്ഷ്യൻ സൈന്യത്തിന്റെ പരേഡ്. ചൊങ്കോട്ടയിലെ കർത്തവ്യപഥിൽ നടന്ന പരേഡിൽ 144 സൈനികരാണ് രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതി അണിനിരന്നത്. ഇക്കുറി റിപ്പബ്ലിക് ദിനത്തിൽ ഈജിപ്ത് ആണ് ഇന്ത്യയുടെ അതിഥി രാജ്യം
ആദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ ഈജിപ്ത് ഇന്ത്യയുടെ അതിഥിയാകുന്നത്. കർത്തവ്യപഥിൽ ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സൈനികർ മാർച്ച് നടത്തിയത്. കേണൽ
മഹമൂദ് മുഹമ്മദ് അബ്ദുൽ ഫത്താഹ് എൽ ഖരസാവി ആയിരുന്നു മാർച്ച് നയിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈന്യത്തിന് സല്യൂട്ട് നൽകി. കർത്തവ്യപഥിൽ ഈജിപ്ഷ്യൻ സൈന്യം അണിനിരന്നത് ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ എത്തിയവർക്ക് പുതിയ അനുഭവം ആയിരുന്നു.
റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ചെങ്കോട്ടയിൽ എത്തിയ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സിഡിഎസ് ജനറൽ അനിൽ ചൗഹാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷങ്ങളിൽ അതിഥികൾ ഇല്ലാതെയായിരുന്നു രാജ്യത്തിന്റെ ആഘോഷപരിപാടികൾ. ഇതിന് പുറമേ പരിപാടികളിൽ ഉൾപ്പെടെ നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികൾ ആണ് ഇക്കുറിയുണ്ടായിരുന്നത്. പരേഡുൾപ്പെടെ എല്ലാ പരിപാടികളും കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചുകൊണ്ടായിരുന്നു.
Discussion about this post