ഡല്‍ഹി: ഇന്റര്‍നെറ്റ് സമത്വത്തിനു തന്റെ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു ഫേസസ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. എന്നാല്‍, സീറോ റേറ്റിങ് പദ്ധതികളെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്റര്‍നെറ്റ് തത്വങ്ങളെ അട്ടിമറിക്കുന്നതാണെന്നു രാജ്യത്തു വിമര്‍ശനം നേരിട്ട പദ്ധതിയാണു സീറോ റേറ്റിങ്.
നെറ്റ് സമത്വം സുപ്രധാനമായ തത്വമാണ്. ഫെയ്സ്ബുക്ക് അതിനെ പിന്തുണയ്ക്കുന്നു. ഇന്റര്‍നെറ്റില്‍ പുതിയ സംരംഭകര്‍ക്കു മറ്റു പരിഗണനകളില്ലാതെ ഞങ്ങള്‍ അവസരങ്ങളും നല്കുന്നു-അദ്ദേഹം വ്യക്തമാക്കി. ആറു ഭീമന് കമ്പനികളുടെ ഇന്റര്‍നെറ്റ് സേവനങ്ങളെ ഒരു പ്രതലത്തില്‍ കൊണ്ടുവരുന്ന ഫേസ്ബുക്ക് സംരംഭമായ ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് സ്വതന്ത്ര ഇന്റര്‍നെറ്റ് തത്വങ്ങള്‍ക്കെതിരാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു ഈ സാഹചര്യത്തിലാണു ഡല്‍ഹി ഐ.ഐ.ടിയില്‍ വിദ്യാര്‍ഥികളുമായി നടത്തിയ ചോദ്യോത്തര പരിപാടിയില്‍ ഫേസ്ബുക്ക് സ്ഥാപകന്റെ വിശദീകരണമുണ്ടായത്.
ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് നൂറുശതമാനം നെറ്റ് സമത്വത്തെ പിന്തുണയ്ക്കുന്നു. അതേസമയം ഇന്റര്‍നെറ്റ് സൗകര്യം വ്യാപകമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനും ഞങ്ങള്‍ ശ്രമിക്കുന്നെന്നും സക്കര്‍ബെര്‍ഗ് പറഞ്ഞു. ഇന്റര്‍നെറ്റ് സൗകര്യം വ്യാപകമാക്കുക വന്‍ ചെലവുവരുന്ന പദ്ധതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി ശതകോടികളാണ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത്.
ഈ സാഹചര്യത്തില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കാനാണു ഫെയ്സ്ബുക്ക് ഫ്രീ ബേസിക്സ് (ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ്) പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതുപ്രകാരം സേവനദാതാക്കളായ ഏതു സംരംഭകര്‍ക്കും ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കാനാകും- സീറോ റേറ്റിങ് പദ്ധതിയെ ന്യായീകരിച്ചു സക്കര്‍ബര്‍ഗ് പറഞ്ഞു.
ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് 24 രാജ്യങ്ങളില്‍ സജീവമാണെന്നും 1.5 കോടിയോളം പേര് ഉപയോഗിക്കുന്നതായും സക്കര്‍ബര്‍ഗ് പറഞ്ഞു. ഇന്ത്യയിലും 10 ലക്ഷത്തോളം പേര് അത് ഉപയോഗിക്കുന്നുണ്ട്. ഐ.ഐ.ടിയിലെ ചോദ്യോത്തര പരിപാടിയില്‍ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കഴിഞ്ഞദിവസം താജ്മഹല്‍ സന്ദര്‍ശിച്ച അദ്ദേഹം ഇന്നലെ ഇന്ത്യാ ഗേറ്റില്‍ പ്രഭാതസവാരിക്കും പോയി. രണ്ടാം തവണയാണു മാര്‍ക്ക് സര്‍ക്കര്‍ബര്‍ഗ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
Discussion about this post